എറണാകുളം: ഇന്നലെ അന്തരിച്ച പ്രശസ്‌ത നടനും മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ മൃതദേഹം പൊതുദർശനത്തിനായി കൊച്ചിയിൽ എത്തിച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ എന്നിവർ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ഇരുവരും ഇന്നസെന്‍റിനെ അനുസ്‌മരിച്ചു. എംപി എന്ന നിലയിൽ മികച്ച പ്രവർത്തനമായിരുന്നു ഇന്നസെന്‍റ് നടത്തിയതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. താര സംഘടനയെ ദീർഘകാലം നയിച്ച ഇന്നസെന്‍റ് മികച്ച സംഘാടകനും, വ്യക്തിപരമായി നാട്ടുകാരനെന്ന നിലയിൽ തന്നോട് വലിയ വാത്സല്യം പുലർത്തിയിരുന്ന ആളായിരുന്നു എന്നും അവർ പറഞ്ഞു. ആശുപത്രിയിലെത്തിയാണ് അദ്ദേഹത്തെ അവസാനമായി കണ്ടെതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
മരണം ഏതാണ്ട് ഉറപ്പായ സാഹചര്യത്തിൽ പോലും ഈ ഘട്ടത്തിലും ഇന്നസെന്‍റ് അതിജീവിക്കുമെന്ന് മലയാളി കരുതി. തന്‍റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു. ഇതുപോലൊരു നടനെ ഇനി ലഭിക്കുമെന്ന് കരുതാൻ കഴിയില്ല. വലിയ നിരാശയും സങ്കടവുമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി രാജൻ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പ്രിയപ്പെട്ട താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ഇന്നലെ രാത്രി മരണ വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഇന്നസെന്‍റ് ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. കൊച്ചി ജനത അവസാനമായി പ്രിയ താരത്തിന് അന്ത്യാഞ്ജലിയർപ്പിച്ച ശേഷം മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും.
ഉച്ചയ്ക്ക് ഒരു മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട ടൗൺഹാളിലും പൊതു ദർശനം ഉണ്ടാകും. നടൻ, മുൻ എംപി എന്നതിലെല്ലാം ഉപരി സഹൃദയനായ നാട്ടുകാരനായ സ്വന്തം ഇന്നസെന്‍റിന് ഇരിങ്ങാലക്കുടയിലെ ജനങ്ങൾ അന്തിമോപചാരം അർപ്പിക്കും. തുടർന്ന് വൈകുന്നേരം അഞ്ചു മണിയോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ സ്വവസതിയിലെത്തിക്കും. നാളെ രാവിലെ പത്തു മണിയോടെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം അടക്കം ചെയ്യും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30ഓടെയായിരുന്നു ഇന്നസെന്‍റിന്‍റെ മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയായിരുന്നു അദ്ദേഹം. വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് എക്മോ പിന്തുണയിലായിരുന്നു ചികിത്സ നൽകിയിരുന്നത്.
കൊവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആന്തരികാവയവങ്ങൾ പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്. അർബുധത്തെയും കൊവിഡിനെയും രണ്ട് പ്രാവശ്യം അതിജീവിച്ച വ്യക്തി കൂടിയാണ് ഇന്നസെന്‍റ്.
ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്‌ച മുമ്പാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ കൂടി ബാധിച്ചതിനെ തുടർന്നായിരുന്നു ആരോഗ്യനില വഷളായത്. മാർച്ച് മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു.
എന്നാൽ ആരോഗ്യനില വീണ്ടും ഗുരുതരമാവുകയും വെൻ്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നസെന്‍റിന്‍റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായതോടെ ഇന്നലെ രാത്രി എട്ട് മണിക്ക് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേരുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്‌തിരുന്നു.
നടൻ മമ്മൂട്ടി ഉൾപ്പടെയുള്ള പ്രമുഖ താരങ്ങളും, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മന്ത്രി പി രാജീവ്, മന്ത്രി ആർ ബിന്ദു എന്നിവരും ഇന്നലെ രാത്രിയോടെ തന്നെ ആശുപത്രിയിലെത്തിയിരുന്നു. മന്ത്രി രാജീവാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Also Read : 'ഇന്ന് മരിച്ചാലെന്ത്, നാളെ മരിച്ചാലെന്ത്'; കാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട ഇന്നസെന്‍റ്