എറണാകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 67 വർഷത്തെ തടവ് ശിക്ഷയും 65000 രൂപ പിഴയും വിധിച്ച് പെരുമ്പാവൂർ പോക്‌സോ കോടതി. നെല്ലിക്കുഴി സ്വദേശിയായ ഇടയലിൽ വീട്ടിൽ അലിയാരെയാണ് (52) കോടതി ശിക്ഷിച്ചത്. 2020 ജനുവരി 19നായിരുന്നു കേസിനാസ്‌പദമായ സംഭവം.
മദ്രസയിലെത്തിയ 11കാരനെ അധ്യാപകനായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ കുട്ടി ഉൾപ്പെടെ 23 സാക്ഷികളെ കോടതി വിസ്‌തരിച്ചിരുന്നു. 67 വർഷം ശിക്ഷയാണെങ്കിലും ഒരേ കാലയളവിൽ ഒന്നിച്ച് ഇരുപത് വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും.
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്‌ജി വി.സതീഷ് കുമാറിന്‍റേതാണ് ശിക്ഷാവിധി. ഈ കോടതിയിൽ വിധിച്ച ഏറ്റവും ദീർഘമേറിയ ശിക്ഷാകാലയളവാണ് ഈ വിധിയെന്ന പ്രത്യേകതയുമുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ 28ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പോക്സോ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.