എറണാകുളം: ലൈഫ് മിഷൻ കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ വാട്‌സ് ആപ്പ് ചാറ്റുകൾ പുറത്ത്. 2019 ൽ എം ശിവശങ്കർ സ്വപ്‌ന സുരേഷുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളാണ് ഇഡിക്ക് ലഭിച്ചത്. റെഡ് ക്രസന്‍റിനെ എങ്ങിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരാമെന്നാണ് ശിവശങ്കർ സ്വപ്‌ന സുരേഷിന് ഉപദേശം നൽകുന്നത്.
റെഡ് ക്രസന്‍റ് സർക്കാറിന് നൽകേണ്ട കത്തിന്‍റെ രൂപരേഖ പോലും എം ശിവശങ്കർ തയ്യാറാക്കി നൽകിയിരുന്നു എന്നാണ് ഇഡി പറയുന്നത്. ഇതോടൊപ്പം കോൺസുലേറ്റിന്‍റെ കത്ത് കൂടി തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകണമെന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്.
റെഡ് ക്രസന്‍റ് നൽകേണ്ട കത്തിന്‍റെ മാതൃക ശിവശങ്കർ നൽകിയത് ഇപ്രകാരമാണ്: '2018 ലെ അഭൂതപൂർവമായ വെള്ളപ്പൊക്ക പ്രകൃതിദുരന്തത്തിൽ കേരളീയരുടെ സ്വത്തുക്കൾക്ക് ഉണ്ടായ നാശനഷ്‌ടങ്ങൾ റെഡ് ക്രസന്‍റ് വിലയിരുത്തിയിരുന്നു. ദുരിതബാധിതരുടെ പുനരധിവാസം ഗണ്യമായി പുരോഗമിച്ചതായി ഞങ്ങൾ മനസിലാക്കുന്നു. അതേസമയം പ്രളയബാധിത പ്രദേശങ്ങളിൽ വീടില്ലാത്തവരുമുണ്ട്.
ഈ സാഹചര്യത്തിൽ അത്തരം പ്രദേശങ്ങളിൽ ഭവന സമുച്ചയങ്ങളുടെ നിർമാണം നേരിട്ട് ഏറ്റെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരം ഹൗസിങ് കോംപ്ലക്‌സുകളിൽ മതിയായ ആരോഗ്യ സംരക്ഷണം, പ്രായമായവർ, സ്‌ത്രീകൾ, കുട്ടികൾ എന്നിവരുടെ പരിചരണം ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. സംസ്ഥാന സർക്കാരിന്‍റെ വിശാലമായ ആവശ്യങ്ങൾക്കനുസരിച്ചും നിർദിഷ്‌ട ബിൽഡിങ് പ്ലാനുകൾക്കനുസൃതമായും പദ്ധതിയുടെ നിർമാണവും നിർവഹണവും ഞങ്ങൾ ഏകോപിപ്പിക്കും.
പദ്ധതി നടത്തിപ്പിനായി അനുയോജ്യമായ ഭൂമി ലഭ്യമാക്കണമെന്നും ആവശ്യമായ സൗകര്യമൊരുക്കണമെന്നും അഭ്യർത്ഥിക്കുന്നു'. എന്നായിരുന്നു ശിവശങ്കർ നൽകിയ മാതൃക. മേൽപ്പറഞ്ഞ വരികളിൽ ഒരു ധാരണാപത്രവും നൽകാവുന്നതാണന്നും
കോൺസുലേറ്റിന് ഈ കത്ത് അംഗീകരിച്ച് എഴുതാമെന്നും ശിവശങ്കർ സ്വപ്‌നയോട് ചാറ്റിൽ വ്യക്തമാക്കുന്നു.
പദ്ധതി നിർദേശം എത്രയും വേഗം യാഥാർഥ്യമാക്കാൻ ഉചിതമായ നിർദേശം നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കാമെന്നും ശിവശങ്കർ സ്വപനയോട് പറയുന്നു. കത്തുകൾ ദയവായി എനിക്ക് അയയക്കണമെന്നും ചാറ്റിൽ ആവശ്യപ്പെടുന്നുണ്ട്. റെഡ് ക്രസന്‍റിനെ ഈ പദ്ധതിയിലേക്ക് എത്തിച്ച് കമ്മീഷൻ നേടുകയായിരുന്നോ ശിവശങ്കറിന്‍റെ ലക്ഷ്യമെന്നും ഇഡി സംശയിക്കുന്നു.
ഈ ചാറ്റുകളിൽ ഉൾപ്പടെ വിശദമായി അന്വേഷണം നടത്തുകയാണ് എൻഫോഴ്‌സ്‌മെന്‍റ്.