എറണാകുളം: ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കോഴക്കേസിൽ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ വ്യാഴാഴ്‌ചയാണ് (ഏപ്രില്‍ 13) ഇഡി കുറ്റപത്രം നല്‍കിയത്. എം ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാകുന്നതിന്‍റെ തലേ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
60 ദിവസം പൂർത്തിയാകുന്നതിന് മുന്‍പ് കുറ്റപത്രം നൽകിയില്ലങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് നിയമം. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് ശിവശങ്കർ അറസ്റ്റിലായി 59-ാം ദിവസം ഇഡി കുറ്റപത്രം നൽകിയത്. ഇഡി രജിസ്റ്റർ ചെയ്‌ത കേസില്‍ ഒന്‍പതാം പ്രതിയായ എം ശിവശങ്കറാണ് ഇടപാടിലെ മുഖ്യ സൂത്രധാരനെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കുന്നു.
ALSO READ | ലൈഫ് മിഷന്‍ കോഴ : എം.ശിവശങ്കരന്‍ നൽകിയ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും
യുഎഇയിലെ റെഡ് ക്രസന്‍റിന്‍റെ സഹായത്തോടെ നടപ്പിലാക്കുന്ന വടക്കാഞ്ചേരി ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ യുണിടാക്കിന് ലഭിച്ചതുവഴി വിതരണം ചെയ്‌ത കോഴപ്പണം പ്രതികൾ കൈപ്പറ്റിയെന്നും ഇത്തരത്തില്‍ ലഭിച്ച പണത്തിന്‍റെ ഒരു ഭാഗം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. യുണിടാക് എംഡി സന്തോഷ് ഈപ്പനാണ് കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, എന്നിവരുടെ നിർദേശപ്രകാരം യുഎഇ കോൺസുലേറ്റ് ജീവനക്കാർക്ക് കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ മൊഴിനൽകിയത്.
ശിവശങ്കറിന്‍റെ പണമെന്ന് സ്വപ്‌നയുടെ ആരോപണം: ലൈഫ് മിഷൻ പദ്ധതിയുമായി കരാറിൽ ഒപ്പിട്ട യുഎഇ സന്നദ്ധ സംഘടനയായ റെഡ്ക്രസന്‍റ് വഴി ലഭിച്ച ഏഴേമുക്കാൽ കോടി രൂപയിൽ 3.8 കോടി രൂപ കോഴയായി നൽകിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ രൂപ കരിഞ്ചന്തയിൽ നിന്ന് ഡോളറാക്കി മാറ്റി യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്‍റും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് ഷൗക്രിക്ക് നേരിട്ട് നൽകിയെന്നായിരുന്നു സന്തോഷ് മൊഴി നൽകിയത്. അതേസമയം, തന്‍റെ ലോക്കറിൽ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച കമ്മിഷനാണെന്നും, ഇത് എം ശിവശങ്കറിന്‍റെ പണമാണെന്നുമാണ് സ്വപ്‌നയുടെ ആരോപണം.
അതേസമയം, ഇത്തരമൊരു പണത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് എം ശിവശങ്കർ മൊഴി നൽകിയത്. 140 അപ്പാർട്ട്മെന്‍റുകൾ നിർമിക്കാൻ യുഎഇ. കോൺസുലേറ്റും യുണിടാക് ബിൽഡേഴ്‌സും തമ്മിൽ കരാറിലേർപ്പെട്ടത് 2019 ജൂലായ് 31നായിരുന്നു. ലൈഫ് മിഷൻ കോഴക്കേസിൽ നിലവിൽ എം ശിവശങ്കറും, സന്തോഷ് ഈപ്പനുമാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ, ലൈഫ് മിഷൻ സിഇഒ ആയിരുന്ന യുവി ജോസ് എന്നിവരെയും ഇഡി ചോദ്യം ചെയ്‌തിരുന്നു.