എറണാകുളം: ഭീകര സംഘടനായ ഐഎസിൽ ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്ത കേസിലെ പ്രതി സുബ്ഹാനി ഹാജ മൊയ്‌തീന് ജീവപര്യന്തം ശിക്ഷ ലഭിച്ചത് അന്വേഷണ ഏജൻസിയായ എൻഐഎയുടെ നേട്ടമെന്ന് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് അർജുൻ. കേസ് അന്വേഷണത്തിന് സംസ്ഥാന പൊലീസിന്‍റെ സഹായം ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിലേക്കെന്ന് പറഞ്ഞ് തുർക്കി വഴി ഇറാഖിലേക്ക് പോയാണ് പ്രതി ഐഎസിൽ ചേർന്നത്. അവരുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തതിന് ശേഷമാണ് തിരിച്ച് രഹസ്യമായി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തിയ ശേഷവും സ്ഫോടകവസ്തുക്കൾ ശേഖരിക്കാൻ ശ്രമിച്ചുവെന്നത് വളരെ ഗൗരവമായാണ് കോടതി കണ്ടത്.
ദീർഘദൂര വെടിവെയ്പ്പിനുള്ള തോക്കിന് വേണ്ടിയാണ് ഇന്‍റർനെറ്റിൽ പരിശോധിച്ചത്. അമ്പത് കിലോയോളം സ്ഫോടക വസ്തുക്കൾ ശേഖരിക്കാനും ശ്രമിച്ചു. ഇത്തരമൊരു പ്രതിയെ സമൂഹത്തിലേക്ക് ഇറക്കിവിടുന്നത് സമുഹമനസാക്ഷിക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.
ഇറാഖിനെതിരെ യുദ്ധം ചെയ്തതിന് ഒരു ലക്ഷം രൂപ പിഴയും ഏഴ് വർഷം തടവുമാണ് ഐപിസി 125 പ്രകാരം കോടതി വിധിച്ചത്. യുഎപിഎയിലെ ഇരുപതാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ചുമത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ ഗൂഢാലോചന കുറ്റ പ്രകാരമാണ് അഞ്ച് വർഷം തടവും പതിനായിരം പിഴയും കോടതി വിധിച്ചതെന്നും എൻഐഎ പ്രോസിക്യൂട്ടർ അർജുൻ വ്യക്തമാക്കി.