എറണാകുളം:ലക്ഷദ്വീപിലെ ടൗണ്‍ പ്ലാനിങ് റെഗുലേഷനുമായി ബന്ധപ്പെട്ട കരടിൽ ഹർജിക്കാരന് മാത്രം അഭിപ്രായം അറിയിക്കാൻ സമയം അനുവദിച്ച് ഹൈക്കോടതി. റെഗുലേഷനുമായി ബന്ധപ്പെട്ട കരടിൽ അഭിപ്രായം അറിയിക്കാൻ പൊതുജനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന ഹർജിയിലാണ് കോടതി വിധി. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സാദിഖ് ആണ് ഹർജി സമർപ്പിച്ചത്. ഇയാൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ കോടതി രണ്ടാഴ്‌ച സമയം അനുവദിച്ചു. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഇതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്കു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Also Read:ലക്ഷദ്വീപ് പ്രമേയം അപഹാസ്യമെന്ന് കെ സുരേന്ദ്രൻ
ലക്ഷദ്വീപ് നിവാസികള്‍ക്കാകെ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഏപ്രില്‍ ഇരുപത്തിയെട്ട് മുതല്‍ മേയ് പത്തൊമ്പതു വരെ ഇരുപത്തിയൊന്നു ദിവസം ലക്ഷദ്വീപ് നിവാസികള്‍ക്ക് സമയം അനുവദിച്ചിരുന്നു. മുപ്പതു ദിവസം അനുവദിക്കാന്‍ കേന്ദ്ര മന്ത്രാലയത്തിലെ സെക്രട്ടറി തലത്തില്‍ തീരുമാനിച്ചിട്ടും അത്രയും ദിവസം നല്‍കിയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ ഒരു പരാതി. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് അഡീഷണൽ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. മാത്രമല്ല കരട് തയ്യാറാക്കുകയാണ് ചെയ്‌തെന്നും അപാകതയുണ്ടെന്ന് പരാതി വന്നാല്‍ പിന്നീട് നിയമപരമായി ചോദ്യം ചെയ്യാന്‍ അവസരമുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ഇതു കൂടി കണക്കിലെടുത്താണ് ഹര്‍ജിക്കാരന് മാത്രം അഭിപ്രായം സമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്.