എറണാകുളം:ചലചിത്ര പ്രവർത്തക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യുന്നത്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലാണ് തുടർച്ചയായ രണ്ടാം ദിവസവും ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്.
സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കും. ലക്ഷദ്വീപിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ. ഞായറാഴ്ചയായിരുന്നു ആദ്യം ചോദ്യം ചെയ്തത്. ബുധനാഴ്ചയും ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റു ചെയ്താൽ ഒരാഴ്ചയ്ത്തേക്ക് ജാമ്യം അനുവദിക്കണമെന്ന് മുൻകൂർ ജാമ്യാപേക്ഷയിലെ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു.
Also Read: ആയിഷ സുൽത്താനയ്‌ക്ക് ഇടക്കാല മുൻകൂർ ജാമ്യം
അതേസമയം ഐഷ സുൽത്താന ക്വാറന്‍റീൻ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഞായറാഴ്ച പോലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുപരിപാടികളിൽ പങ്കെടുത്തുവെന്നാണ് ആരോപണം. തിങ്കളാഴ്ച ദ്വീപിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് കേന്ദ്രം സന്ദർശിച്ചതും കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്നും ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചു. ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ലക്ഷദ്വീപ് പൊലീസ് അവർക്കെതിരായ റിപ്പോർട്ട് സമർപ്പിച്ചത്