എറണാകുളം: സാങ്കേതിക സർവകലാശാല (കെടിയു) താത്‌കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. നിയമനം ചോദ്യം ചെയ്‌ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്ഥിരം വിസി നിയമനം ഉടൻ നടത്താൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കർശന നിർദേശം നൽകി. ചാൻസലറായ ഗവർണർ നിയമിച്ച സാങ്കേതിക സർവകലാശാല താത്‌കാലിക വിസിയ്‌ക്ക് യുജിസി യോഗ്യതകൾ ഉണ്ടെന്ന് വിലയിരുത്തിയാണ് നിയമനം ചോദ്യം ചെയ്‌തുള്ള സർക്കാർ ഹർജി ഹൈക്കോടതി തള്ളിയത്.
'ഇത് വിദ്യാർഥികളുടെ ആത്മവിശ്വാസം തകർക്കും': ചാൻസലറായ ഗവർണറുടെ നടപടിയിൽ തെറ്റില്ല, നിയമനം സ്വജനപക്ഷപാതമാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിസ തോമസിന് യോഗ്യതയില്ലെന്ന സർക്കാർ വാദം തള്ളിക്കൊണ്ടാണ് കോടതി നടപടി. സ്ഥിര വിസി നിയമനം ഉടൻ നടത്തണം. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിയമന നടപടികൾ നടത്തണമെന്നും കോടതി നിർദേശം നൽകി. ഇത്തരം വ്യവഹാരങ്ങൾ വിദ്യാർഥികളുടെ ആത്മവിശ്വാസം തകർക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഡിജിറ്റൽ സർവകലാശാല വിസിയുടെ പേര് സർക്കാർ മുന്നോട്ടുവച്ചത് അംഗീകരിക്കാനാകില്ലെന്നും കോടതി വിലയിരുത്തി. കെടിയു വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആ വിസിയ്ക്കും തത്‌സ്ഥാനത്തിരിക്കാൻ അർഹതയും യോഗ്യതയും ഇല്ലെന്ന് കോടതി വ്യക്തമാക്കി. യുജിസി ചട്ടങ്ങൾ കർശനമായി പാലിച്ചേ വിസി നിയമനം നടത്താനാകൂ. വിസി നിയമനത്തിൽ യോഗ്യതയും പരിചയവും അനിവാര്യമാണ്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി നിയമനം നടത്താൻ പാടില്ല. സർവകലാശാലകളിൽ സർക്കാർ ഇടപെടൽ പാടില്ലെന്നും കോടതി പറഞ്ഞു.
'സർക്കാർ ശുപാർശ ദൗർഭാഗ്യകരം': വിദ്യാർഥികളുടെ ഭാവിയാണ് വലുതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യുജിസി ചട്ടവും സുപ്രീം കോടതി വിധിയും പാലിച്ചേ മതിയാകൂവെന്നും ഓർമിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉദ്യോഗസ്ഥനാണെന്നറിഞ്ഞ് തന്നെ സർക്കാർ ശുപാർശ ചെയ്‌തത് ദൗർഭാഗ്യകരമെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ശുപാർശ ചെയ്‌തവർക്ക് യുജിസി ചട്ടപ്രകാരം യോഗ്യതയില്ലെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമിക്കാനാകില്ലെന്നുമാണ് ചാൻസലറായ ഗവർണറുടെ വാദം. ഈ വാദം അംഗീകരിച്ച കോടതി സിസ തോമസിന്‍റെ നിയമനം ചോദ്യം ചെയ്‌തുള്ള സർക്കാർ ഹർജി തള്ളുകയായിരുന്നു.
ALSO READ | കെടിയു വിസി നിയമനം : ഗവര്‍ണര്‍ക്ക് നേരെ ചോദ്യങ്ങളുമായി ഹൈക്കോടതി
അതേസമയം, കെടിയുവിലെ താത്കാലിക വിസി നിയമനത്തിൽ ഗവര്‍ണര്‍ക്ക് നേരെ ചോദ്യങ്ങൾ ഉന്നയിച്ച് നവംബര്‍ 25ന് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വിസി നിയമനത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യങ്ങള്‍. വിസി സ്ഥാനത്തേക്ക് മറ്റ് സർവകലാശാലകളിലെ വിസിമാർ ഇല്ലായിരുന്നോ?, പ്രൊ. വിസി ഉണ്ടായിരുന്നില്ലേ?, സിസ തോമസിന്‍റെ പേര് ആര് നിർദേശിച്ചു?, സിസ തോമസിന്‍റെ പേരിലേക്ക് എങ്ങനെയെത്തി? എന്നിവയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.
എന്നാല്‍, സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തവര്‍ ചുമതല നല്‍കാന്‍ അയോഗ്യരായിരുന്നെന്നാണ് ചാന്‍സലറായ ഗവര്‍ണര്‍ കോടതിക്ക് നല്‍കിയ മറുപടി. സുപ്രീം കോടതി വിധിയെ തുടർന്ന് ഡിജിറ്റൽ സർവകലാശാല വിസി നിയമനവും സംശയത്തിന്‍റെ നിഴലിലായിരുന്നു. ഇക്കാരണം കൊണ്ടാണ് ഡിജിറ്റൽ സർവകലാശാല വിസിയുടെ പേര് തള്ളിയതെന്നും ഗവർണർ വ്യക്തമാക്കുകയുണ്ടായി.