എറണാകുളം: കെ.എസ്.ആർടിസി ജീവനക്കാരുടെ പെൻഷൻ വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പെൻഷൻ ഈ മാസം 25നകം നൽകാൻ ഉത്തരവ്. തുടർന്നുള്ള മാസങ്ങളിലേത് ആദ്യ ആഴ്‌ചയിൽ തന്നെ വിതരണം ചെയ്യണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഉത്തരവിട്ടു. പെൻഷൻ നൽകാൻ അടിയന്തര നടപടി സ്വീകരിക്കാൻ കോടതി കെ.എസ്.ആർ.ടിസിയോട് നേരത്തെ നിർദേശിച്ചിരുന്നു.
അതിനിടെ ഇന്ന് (05.08.2022) ഹർജി പരിഗണിക്കവെ കാട്ടാക്കടയിൽ മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഹൈക്കോടതി ദുഃഖം പ്രകടിപ്പിച്ചു. ഹർജിക്കാരുടെ അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടർന്നായിരുന്നു കോടതി ദു:ഖം പ്രകടിപ്പിച്ചത്.
കൂടാതെ സംഭവത്തിന്‍റെ നിജസ്ഥിതി സംബന്ധിച്ച വിവരങ്ങളും കോടതി കെ.എസ്.ആർ.ടി.സിയോട് തേടിയിട്ടുണ്ട്. പെൻഷൻ വിതരണം മുടങ്ങിയതു മൂലം പ്രതിസന്ധിയിലായ ഒട്ടനവധി പേർക്ക് ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി വിധി. ശമ്പളം കൃത്യമായി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും കോടതിയുടെ പരിഗണനയിലാണ്.