എറണാകുളം: സുപ്രീം കോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കെ.എസ്.ഇ.ബിയുടെ നടപടി. നാല് സംഘങ്ങളായെത്തി ഒരേ സമയമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഇതിനെതിരെ ഫ്ലാറ്റുടമകൾ പ്രതിഷേധിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് ഇന്നലെ കെ.എസ്.ഇ.ബി മരടിലെ ഫ്ലാറ്റുകൾക്ക് നോട്ടീസ് നൽകിയിരുന്നു.
ഫ്ലാറ്റുടമകൾ നോട്ടീസ് സ്വീകരിക്കാത്തതിനെ തുടർന്ന് ചുമരുകളിൽ നോട്ടീസ് പതിക്കുകയായിരുന്നു. സർക്കാർ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായതെന്ന് ഫ്ലാറ്റുടമകൾ പ്രതികരിച്ചു. പുലർച്ചെ വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ പലരും ലിഫ്റ്റുകളിലടക്കം കുടുങ്ങി ഏറെ പ്രയാസപ്പെട്ടുവെന്ന് ഫ്ലാറ്റുടമ ബിനോജ് പറഞ്ഞു. സർക്കാരും ഉദ്യോഗസ്ഥരും എന്തിനാണ് തങ്ങളെ ദ്രോഹിക്കുന്നതെന്ന് മനസിലാകുന്നില്ല. വൈദ്യുതി, വാട്ടർ കണക്ഷന് പിന്നാലെ ഗ്യാസ് കണക്ഷനുകളും വിച്ഛേദിക്കുമെന്നാണ് അറിയുന്നത്. എന്നാൽ ഇത് കൊണ്ടെന്നും തങ്ങൾ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയില്ലെന്നും ബിനോജ് വ്യക്തമാക്കി.
അതേസമയം ജനറേറ്റർ പ്രവർത്തിപ്പിച്ചും ടാങ്കറുകളിൽ വെള്ളമെത്തിച്ചും നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഫ്ലാറ്റുടമകൾ. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രാഷ്‌ട്രീയപാർട്ടി നേതാക്കളും പൊതുജനങ്ങളും രംഗത്തെത്തി .
വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച് ഫ്ലാറ്റുടമകളെ നിരായുധരാക്കാനുള്ള സർക്കാർ തീരുമാനം ഹീനമാണെന്ന് മുൻ മന്ത്രി കെ.ബാബു പ്രതികരിച്ചു. ഫ്ലാറ്റുടമകളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമായിരുന്നു. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു