എറണാകുളം: കോട്ടയത്ത് വീട്ടമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല നടത്തിയ പ്രതി മുഹമ്മദ് ബിലാല്‍ താമസിച്ച വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഇടപ്പള്ളി കുന്നുംപുറത്തെ ഒരു ഹോട്ടലിൽ രണ്ട് ദിവസമായി പ്രതി ബിലാൽ പണ്ഡാരിയായി ജോലി ചെയ്ത് വരികയായിരുന്നു. ഈ ഹോട്ടലിലെ ജീവനക്കാർ താമസിച്ചിരുന്ന വീട്ടിലാണ് പ്രതി മറ്റ് ജീവനക്കാർക്കൊപ്പം താമസിച്ചിരുന്നത്. തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട ഷീബയുടെ 28 പവൻ സ്വർണ്ണാഭരണം കണ്ടെത്തി.
ഷീബയെ കൊലപ്പെടുത്തുകയും ഭർത്താവിനെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത പ്രതി കാറുമായാണ് കൊച്ചിയിലെത്തിയത് . ഇടപ്പള്ളിയിലെ ഹോട്ടലിൽ ജോലിക്ക് കയറുകയായിരുന്നു. ഹോട്ടലിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികൾ കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയതോടെയാണ് പ്രതിക്ക് ഹോട്ടലില്‍ എളുപ്പത്തില്‍ ജോലി ലഭിച്ചത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഹോട്ടലുടമയ്ക്ക് അറിയില്ല. പൊലീസെത്തി കഴിഞ്ഞ ദിവസമാണ് പ്രതിയെ ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോട്ടയത്ത് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തതിന് ശേഷം കൊച്ചിയിലെത്തിച്ച് തെളിവെടുത്തു. നാടിനെ നടുക്കിയ കൊലക്കേസ് പ്രതി ഈ പ്രദേശത്തുണ്ടെന്ന് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരെന്ന് പ്രദേശവാസിയും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ മഹേഷ് പറഞ്ഞു.
ഹോട്ടൽ തൊഴിലാളികൾ താമസിക്കുന്ന വീടായതിനാൽ ഇവിടെയെത്തുന്നവരെ നാട്ടുകാർ ശ്രദ്ധിക്കാറില്ല. ഇത്തരം ക്രിമിനലുകൾ ജനവാസ കേന്ദ്രങ്ങളിലെത്തി ഒളിച്ച് കഴിയുന്നത് തടയാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ തെളിവെടുപ്പിനെത്തിച്ചതറിഞ്ഞ് നിരവധി നാട്ടുകാരാണ് തടിച്ച് കൂടിയത്.