എറണാകുളം: കൊച്ചി മെട്രോയുടെ എറണാകുളം സൗത്ത് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. രണ്ട് യാത്രക്കാർ ചേർന്നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. യാത്രക്കാരിൽ നിന്ന് തെരഞ്ഞെടുത്ത പി എസ് വന്ദനയും സി ജി ജോർജും ചേർന്നാണ് 56 മീറ്റർ ഉയരമുള്ള കെട്ടിടം തുറന്നു കൊടുത്തത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്താണ് പന്ത്രണ്ട് നിലകളുള്ള പുതിയ സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
എറണാകുളം സൗത്തിലെ റെയിൽവേ സ്റ്റേഷന് എതിർഭാഗത്തുള്ള മെട്രോ സ്റ്റേഷൻ കെട്ടിടത്തിന്‍റെ നിർമാണം സെപ്തംബറിൽ തന്നെ പൂർത്തിയായിരുന്നു. കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ സൗത്ത് റെയിൽവേ സ്റ്റേഷനോട് ചേർന്ന്, വാണിജ്യപരമായ സാധ്യതകൾകൂടി കണക്കിലെടുത്താണ് വലിയ കെട്ടിടം നിർമിച്ചത്. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ കൊച്ചി മെട്രോയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് കെഎംആർഎല്ലിന്‍റെ ലക്ഷ്യം. കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.