എറണാകുളം: കൊച്ചി മെട്രോയുടെ പേട്ട - എസ്.എന്‍ ജങ്‌ഷൻ വരെയുള്ള പാത ട്രയല്‍ റണ്ണിന് സജ്ജമായി. വടക്കേക്കോട്ട, എസ്.എന്‍ ജങ്ഷന്‍ സ്റ്റേഷനുകളുടെ നിര്‍മാണവും ഉടൻ പൂർത്തിയാകും. പേട്ട മുതല്‍ എസ്.എന്‍ വരെയുള്ള രണ്ട് കിലോമീറ്ററാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിച്ചത്.
ആദ്യഘട്ട നിര്‍മാണം പൂർത്തിയാക്കിയത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് പേട്ട, എസ്.എൻ ജങ്‌ഷന്‍ പാതയുടെ നിര്‍മാണം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായെങ്കിലും പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. പൈലിങ് നടത്തി 27 മാസങ്ങൾക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നിര്‍മാണ ചെലവ് 453 കോടി
സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപയാണ് ചെലവഴിച്ചത്. 453 കോടിയാണ് മൊത്തം നിര്‍മാണ ചെലവ്. വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ട്രയല്‍ റണ്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും.
അതേസമയം കൊവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ തിങ്കള്‍ മുതല്‍ ട്രെയിൻ സർവിസുകൾക്കിടയിലെ സമയദൈര്‍ഘ്യം കുറയ്ക്കും. തിങ്കള്‍ മുതല്‍ ശനിവരെ തിരക്ക് കൂടിയ സമയങ്ങളില്‍
ഇനി മുതല്‍ ഏഴ് മിനിറ്റ് 30 സെക്കന്‍ഡ് ഇടവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ഒന്‍പത് മിനിറ്റ് ഇടവിട്ടും ട്രെയിന്‍ സര്‍വിസ് ഉണ്ടാകുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.
ALSO READ: തൃശൂരില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി; വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി