കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച വിദേശ മലയാളി കൊച്ചിയിൽ പിടിയിൽ. പത്തനംതിട്ട വൈക്കത്ത് വീട്ടിൽ ജെയിംസ് ജോസഫിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴിയാണ് ഇയാൾ യുവതിയുമായി പ്രണയത്തിലായത്. തിരുവല്ല സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയും ബിസിനസ് ആവശ്യത്തിനായി 35 ലക്ഷം കൈക്കലാക്കുകയും ചെയ്തു.
ഇയാൾ കുടുംബസമേതം കാനഡയിലാണ് താമസം. ഭാര്യയുമായി പിണങ്ങി കഴിയുന്ന പ്രതി ഫേസ്ബുക്ക് വഴിയാണ് യുവതിയുമായി അടുപ്പത്തിലായത്. അസുഖം മൂലം രണ്ട് മാസത്തിലധികം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതിയെ പരിചരിക്കാൻ ഇയാൾ കൂടെ നിന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയതിന് ശേഷം യുവതിയുടെ കൂടെ താമസമാക്കുകയും ചെയ്തു. ഇതിനിടയിൽ പല ബിസിനസ് ആവശ്യങ്ങളും പറഞ്ഞ് 35 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് കാനഡയിൽ പോയ ഇയാൾ നാട്ടിൽ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു.
ഈ വിവരം മനസ്സിലാക്കിയ യുവതി എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളിൽ ഒളിവിൽ താമസിച്ചിരുന്ന ഇയാളെ എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണർ സുരേഷിന്‍റെ നിർദേശ പ്രകാരം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.