എറണാകുളം: കൊച്ചിയിലെ ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ, അമ്മയുടെയും സുഹൃത്തിന്‍റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുഞ്ഞ് മരിച്ച ലോഡ്ജിൽ ഫോറൻസിക്ക് വിഭാഗവും ഇന്ന് പരിശോധന നടത്തും. അനക്കമില്ലന്ന് പറഞ്ഞായിരുന്നു അമ്മയും സുഹൃത്തും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് എളമക്കര പൊലീസ് അന്വേഷണം തുടങ്ങിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്‍റെ അമ്മയേയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തു.
ഈ മാസം ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി എത്തി കലൂർ കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തത്. കസ്റ്റഡിയിലുള്ള അമ്മയെയും സുഹൃത്തിനെയും ചോദ്യം ചെയ്ത് വരികയാണ്. അബദ്ധത്തിൽ കുഞ്ഞ് താഴെ വീണുവെന്ന് ഇവർ മൊഴി നൽകിയതായാണ് സൂചന. കുഞ്ഞിന്‍റെ അമ്മ ആലപ്പുഴ സ്വദേശിയും സുഹൃത്ത് കണ്ണൂർ സ്വദേശിയുമാണ്. കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
Read more; രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കൂടി; ഡല്‍ഹി പേടിപ്പിക്കും, കേരളം ഞെട്ടിക്കും