എറണാകുളം: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ നാലു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്‍റേതാണ് ഉത്തരവ്.
ഇരയായ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്ന് സംശയിക്കുന്ന പ്രതിയുടെ മൊബൈൽ ഫോൺ വിശദപരിശോധന നടത്തണമെന്നും, കാർ കണ്ടെത്തണമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. യുവതിയെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകകയും ചെയ്ത ഫ്ലാറ്റിൽ ഉൾപ്പടെ എത്തിച്ച് വിശദമായി തെളിവെടുപ്പ് നടത്തും.
പ്രതി മാർട്ടിൻ ജോസഫിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. പ്രതിക്കെതിരെ സാമ്പത്തികമായോ, അല്ലാതയോ പരാതിയുള്ളവർ അറിയിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.
കേസിനാസ്പദമായ സംഭവം
കണ്ണൂർ സ്വദേശിയായ മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ഇരുപത്തിയേഴുകാരിയായ യുവതി പ്രതി മാർട്ടിൻ ജോസഫിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ശാരീരികമായി ആക്രമിക്കുകയും ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തത്. പ്രതിയുടെ കണ്ണുവെട്ടിച്ച് ഫ്ലാറ്റിൽ നിന്ന് രക്ഷപെട്ടാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി വേണ്ട രീതിയിൽ പരിഗണിച്ച് പ്രതിയെ പിടികൂടാൻ പൊലീസ് തയ്യാറായിരുന്നില്ല.
Also Read: കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് : പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ
മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകൾ വന്നതിനു ശേഷമാണ് പൊലീസ് സാഹസികമായി പ്രതിയെ പിടികൂടിയത്. തൃശ്ശൂരിലെ വനമേഖലയിൽ ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് പിടികൂടിയത്. കൊച്ചിയിലെത്തിച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. വെളളിയാഴ്ച കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു..