എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി. കോടതിയുടെ കടുത്ത വിമർശനത്തെ മുൻനിർത്തി കൊച്ചി കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതുവർഷമായി യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ കൃത്യമായ ഡ്രൈനേജ് മാസ്റ്റർ പ്ലാൻ കൊണ്ടുവരാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. മാലിന്യം കൊണ്ട് കാനകളെല്ലാം നിറഞ്ഞുകവിയുന്നു. ഇതിനായി അനുവദിക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും, ഉദ്യോഗസ്ഥരെ പഴിചാരുന്ന കൊച്ചി മേയർ, യോഗം ചേരാൻ പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഇന്ന് നടത്തിയത്. കൊച്ചി കോർപ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണെന്നും ചെളി നീക്കുന്നതിനായി എത്ര കോടി ചെലവാക്കുന്നുണ്ടെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. വിഷയത്തിൽ നാളെ വിശദീകരണം നൽകണമെന്നാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്ന ഇന്നലെ നഗരത്തിലെ എല്ലാ റോഡുകളും വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ഇതുമൂലം പലർക്കും വോട്ട് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമുണ്ടായി. ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴ മൂലം നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. ഇതിനെതിരെ കോർപ്പറേഷന് നേരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. എന്നാൽ വിഷയത്തിൽ ഉദ്യോഗസ്ഥരെ പഴിചാരി കൊച്ചി മേയർ സൗമിനി ജെയിൻ രംഗത്തെത്തിയിരുന്നു. നഗരസഭയ്ക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും സൗമിനി ജെയിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായിരിക്കുന്നത്.