എറണാകുളം: കൊച്ചിയില്‍ നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണച്ചെങ്കിലും പുക ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചത്. വടവുകോട്, പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കൊച്ചിയിലെ വിദ്യാലയങ്ങൾക്ക് അവധി നൽകിയിരുന്നു. ഇതിനെതിരെ മറ്റ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി എത്തിയതോടെയാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, കിന്‍റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്‍ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പടെയുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
മാലിന്യം കൊണ്ട് വീര്‍പ്പ് മുട്ടി കൊച്ചി: കഴിഞ്ഞ ഒരാഴ്‌ചയായി നഗരത്തിലെ മാലിന്യം ശേഖരിക്കുന്നത് നിർത്തി വച്ചതിനാൽ ജനങ്ങൾ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടിലാണ് സ്ഥലം കണ്ടെത്തിയത്. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താത്കാലികമായി സംസ്‌കരിക്കുന്നത്.
ഇത് സംബന്ധിച്ച് ജില്ല ഭരണകൂടം കൊച്ചി കോർപറേഷന് നിർദേശം നൽകിയിരുന്നു. കോർപറേഷൻ, കിൻഫ്ര, ഫാക്‌ട് എന്നിവ സംയുക്തമായാണ് ഇതിന് നടപടി സ്വീകരിക്കുക. ഭക്ഷണാവശിഷ്‌ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് വച്ച് സംസ്‌കരിക്കാനാണ് തീരുമാനമെങ്കിലും ഇതും നടപ്പായിട്ടില്ല.
ആളി പടര്‍ന്ന് ബ്രഹ്മപുരം പ്ലാന്‍റ്: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക നിയന്ത്രിക്കാനുള്ള പ്രവർത്തനത്തിൽ നേവിയും വ്യോമ സേനയും ഹെലികോപ്റ്ററുകളും പങ്കാളികളായി. തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഏഴാം ദിവസവും കൊച്ചിയിൽ തുടരുകയാണ്. തീ പൂർണമായും നിയന്ത്രണ വിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ നിന്നും ശക്തമായ പുക ഉയരുന്നതാണ് പ്രയാസം സൃഷ്‌ടിക്കുന്നത്.
മരട്, വൈറ്റില, പാലാരിവട്ടം തുടങ്ങിയ കൊച്ചിയിലെ നഗര പ്രദേശങ്ങളിൽ ഇന്ന് രാവിലെയും പുക ഉയർന്നിരുന്നു. പുക ഉയരുന്നത് രണ്ട് ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്നാണ് ജില്ല ഭരണകൂടം അവസാനമായി അറിയിച്ചത്. ഏഴാം ദിവസവും തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.
പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്നുള്ള അഗ്നിരക്ഷ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ നേവിയുടെയും വ്യോമസേനയുടെയും സംഘങ്ങളുമുണ്ട്.
മാലിന്യ കൂമ്പാരം ഇളക്കി കൊണ്ട് അകത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. പുക അണയ്ക്കാന്‍ കാറ്റ് അനുകൂലമല്ലാത്ത സമയങ്ങളില്‍ നേവിയുടെയും വ്യോമ സേനയുടെയും ഹെലികോപ്‌ടറുകള്‍ മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നു. വ്യോമസേനയുടെ സൊലൂര്‍ സ്‌റ്റേഷനില്‍ നിന്നുള്ള എംഐ 17 വി5 ഹെലികോപ്‌ടറാണ് ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കുന്നതിന് വെള്ളം മുകളില്‍ നിന്ന് പമ്പ് ചെയ്യുന്നതിനായി എത്തിയത്.
കഴിഞ്ഞ ദിവസം ഒന്നര മണിക്കൂര്‍ വ്യോമ സേനയുടെ ഓപ്പറേഷന്‍ തുടര്‍ന്നു. ആറ് ഷട്ടിലുകളിലായി 10,800 ലിറ്റര്‍ വെള്ളമാണ് ഒഴിച്ചത്. എഫ്എസിടിയുടെ റിസര്‍വോയറില്‍ നിന്നാണ് ജലമെടുത്തത്. ഇതുവരെ പുക മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഭരണകൂടം അറിയിച്ചു.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, 12 വയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്‌ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി പ്ലാന്‍റിന് സമീപത്ത് മെഡിക്കല്‍ ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും മെഡിക്കല്‍ ടീമിന്‍റെ സേവനമുണ്ടാകും.
ഫയര്‍ ആന്‍റ് റെസ്‌ക്യൂ സേനാംഗങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. അതേ സമയം വൈറ്റില ഉൾപ്പടെയുള്ള നഗര പ്രദേശങ്ങളിൽ വായു മലിനീകരണം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പ്ലാസ്റ്റിക്ക് കൂമ്പാരത്തിന് തീപിടിച്ചത്.