കൊച്ചി: എറണാകുളം ചെല്ലാനം മേഖലയിൽ കടൽകയറ്റം തുടരുന്നു. ചെല്ലാനം കൂടാതെ കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി മേഖലയിലും കടൽ കരയിലേക്ക് കയറി തുടങ്ങിയത് ആളുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിന്റെ ഭീതി അകലാതെയാണ് ചെല്ലാനം നിവാസികളുടെ ഓരോ ദിവസവും കടന്നു പോകുന്നത്. അതേസമയം താൽക്കാലിക സംരക്ഷണത്തിനായി നിർമ്മിച്ച ജിയോ ബാഗുകളിൽ തിരമാലകൾ ആഞ്ഞടിച്ചു.
വിവിധ പ്രദേശങ്ങളിൽ ജിയോ ബാഗുകൾ കവിഞ്ഞും വെള്ളമെത്തി. കൂടാതെ ചില ഭാഗങ്ങളിൽ ജിയോ ബാഗുകൾ തിരമാലയെടുത്തു. പല ഭാഗങ്ങളിലെയും ജിയോ ബാഗുകൾ ഉപയോഗിച്ചുള്ള ഭിത്തിയുടെ നിർമ്മാണം പൂർണ്ണമായിരുന്നില്ല. അതിനാൽ കടൽവെള്ളം കരയിലേക്ക് കയറുവാനും കാരണമായി. കമ്പനിപ്പടിയിൽ ഉപ്പത്തക്കാട് തോടിന് സമീപത്തെ വീടുകളിലും ബസാർ ഭാഗത്തെ വീടുകളിലും കടൽ കയറി. ചെല്ലാനത്തുള്ള നൂറോളം വീടുകൾ കടൽ കയറ്റ ഭീഷണിയിലാണ്. കൂടാതെ പല തോടുകളും കരകവിഞ്ഞൊഴുകുകയാണ്. കടൽ കലങ്ങിയതിനാൽ ചെളിവെള്ളമാണ് തിരമാലക്ക് ഒപ്പം കരയിയിലെത്തുന്നത്.
മഴ ശക്തമായതോടെ ആലങ്ങാട് പഞ്ചായത്തിൽ തിരുവാലൂർ ഗവൺമെന്‍റ് എൽ പി സ്കൂളിൽ എറണാകുളം ജില്ലയിലെ ആദ്യത്തെ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് ക്യാമ്പ് ആരംഭിച്ചത്. മഴ ഇനിയും ശക്തമായാൽ ആലങ്ങാട് കരുമാലൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലായി ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ടി വരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.