എർണാകുളം : കൊവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ കൊച്ചി ബ്രോഡ് വേ മാർക്കറ്റ് തുറന്നു. ഇതേ തുടർന്ന് എറണാകുളം ജില്ലാ ഭരണകൂടം തിരക്കൊഴിവാക്കാനുള്ള നിർദ്ദേശങ്ങൾ പുരത്തിറക്കിയിട്ടുണ്ട്.
നിർദേശങ്ങൾ പ്രകാരം ബ്രോഡ് വേ മാർക്കറ്റ് റോഡ്, ടി.ഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്ന ഹോൾസെയിൽ ബസാർ പ്രദേശത്ത് ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ നിരോധിച്ചു. കൂടാതെ ഒന്നിടവിട്ട ദിവസങ്ങളിൽ മാർക്കറ്റിന്‍റെ ഇടതും വലതും വശങ്ങളിലുള്ള കടകൾ തരംതിരിച്ചാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. മാർക്കറ്റിലും പരിസരങ്ങളിലും സാമൂഹ്യ അകലം ഉൾപ്പെടെയുള്ള രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തും.
അതേസമയം നിയന്ത്രണങ്ങളെ തുടർന്ന് മാർക്കറ്റിലേക്ക് എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആളുകൾ എത്തുന്നില്ലെന്നും ഇതിനേക്കാൾ ഭേദം അടച്ചിടുന്നതാണെന്നും വസ്ത്ര വ്യാപാരിയായ വൈദ്യലിംഗം പറഞ്ഞു. പൊതു ഗതാഗതം സാധാരണ രീതിയിലേക്ക് മാറിയാൽ മാത്രമേ കച്ചവടവും സജീവമാവുകയുള്ളൂവെന്നും വൈദ്യലിംഗം പറഞ്ഞു.