എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി അഞ്ചാം ദിവസവും കൊച്ചിയിൽ തുടരുന്നു. കൊച്ചിയിലെ വായുമലിനീകരണത്തിന്‍റെ അളവ് അപകടകരമായ രീതിയിലേക്ക് മാറിയിരിക്കുകയാണ്. തീപൂർണ്ണമായും നിയന്ത്രണ വിധേയമായെങ്കിൽ, പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ നിന്നും ശക്തമായ പുക ഉയരുന്നതാണ് പ്രയാസം സൃഷ്‌ടിക്കുന്നത്.
തുടര്‍ച്ചയായ അഞ്ചാം ദിവസവും മാലിന്യ പ്ലാന്‍റില്‍ അഗ്നിശമന സേനയുടെ ഫയർ എഞ്ചിനുകൾ പ്രവർത്തനം തുടരുന്നുണ്ട്. ജെസിബി ഉപയോഗിച്ച് പ്ലാസ്റ്റിക്ക് മാലിന്യം 12 സെക്‌ടറുകളായി തിരിച്ച് വെള്ളം ചീറ്റി തീ പൂർണ്ണമായും അണയ്ക്കാനുള്ള പ്രവർത്തനമാണ് ഇന്നും പുരോഗമിക്കുന്നത്.
അതേസമയം, ഇന്നലെ നഗരത്തിൽ ഉൾപ്പടെ കൂടുതൽ പ്രദേശങ്ങളിൽ പുകശല്യം രൂക്ഷമായിരുന്നു. ജില്ല അതിർത്തി കടന്ന് അരൂർ ഭാഗത്തേക്കും പുകശല്യം അനുഭവപ്പെട്ടു. കാറ്റിന്‍റെ ഗതിയനുസരിച്ചാണ് നഗര പ്രദേശങ്ങളിൽ ഉൾപ്പടെ പുകശല്യം അനുഭവപ്പെട്ടത്.
ഇടപ്പള്ളി, വൈറ്റില, പാലാരിവട്ടം, കലൂർ എന്നിവിടങ്ങളിലും പുകശല്യം അനുഭവപ്പെട്ടു. നഗര പ്രദേശത്ത് രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരെ ഇത് നന്നായി ബാധിച്ചു. മുൻകരുതലിന്‍റെ ഭാഗമായി കൊച്ചിയിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ല ഭരണകൂടം അവധി നൽകിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളായ വടവുകോട്, പുത്തന്‍ കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് എന്നിവടങ്ങളിലും തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികള്‍, കൊച്ചി കോര്‍പ്പറേഷന്‍ എന്നീ തദ്ദേശീയ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടികൾ, കിന്‍റര്‍ഗാർട്ടൺ, ഡേ കെയർ സെന്‍ററുകൾ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകള്‍ക്കുമാണ് അവധി ബാധകം.
അതേസമയം, നഗരത്തിലെ മാലിന്യ നീക്കവും നിലച്ചിരിക്കുകയാണ്. വീട്, ഫ്ലാറ്റ്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നത് തീപിടിത്തമുണ്ടായ വ്യാഴാഴ്‌ച മുതലാണ് നിലച്ചത്. ഇതും നഗരത്തിൽ പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
വീടുകളിലും ഫ്ലാറ്റുകളിലും മാലിന്യം കെട്ടി കിടക്കുന്നത് ദുർഗന്ധത്തിനും, ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാവുകയാണ്. ഇന്ന് മാലിന്യ നീക്കത്തിന് താത്‌കാലിക ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. ഇതിനു വേണ്ടി ജില്ല കലക്‌ടറെ ചുമതലപ്പെടുത്തിയതായും വ്യക്തമാക്കിയിരുന്നു.
കോർപ്പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരം നാല് മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ആദ്യഘട്ടത്തിൽ അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിച്ചാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ തീ പൂർണ്ണമായും അണയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് കുടുതൽ അഗ്നിശമന സേന യൂണിറ്റുകൾ എത്തിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.
കഴിഞ്ഞ വർഷവും ബ്രഹ്മപുരത്ത് സമാനമായ തീപിടിത്തമുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തി അന്തരീക്ഷത്തിൽ പുക ഉയരുന്നത് കൂടുതൽ പേർക്ക് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായി. പലർക്കും ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്.
അതേസമയം, മാലിന്യം കുമിഞ്ഞ് കൂടുമ്പോൾ മനപൂർവ്വം തീയിടുകയാണെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു. എല്ലാ വർഷവും ബ്രഹ്മപുരത്ത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വൻ തീപിടിത്തമുണ്ടാകുന്ന സാഹചര്യത്തിൽ ഇത് തടയാനുള്ള മുൻകരുതൽ നടപടികളൊന്നും അധികൃതർ സ്വീകരിക്കാത്തതും തീപിടിത്തം ആവർത്തിക്കാൻ കാരണമാവുകയാണ്. തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തത്തിന് പരിഹാരം കണ്ടെത്താനും അധികൃതര്‍ തയ്യാറായിട്ടില്ല.
മാലിന്യ സംസ്‌കരണ പ്ലാന്‍റ് നടത്തിപ്പ് കരാർ അവസാനിച്ചതിന്‍റെ പിറ്റേ ദിവസം തന്നെ തീപിടിത്തമുണ്ടായത് സംശയകരമാണെന്ന നിലപാടാണ് കൊച്ചി കോർപ്പറേഷൻ ഭരിക്കുന്ന ഇടതുമുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ തന്നെ നിലപാട് സ്വീകരിച്ചത്. കൊച്ചിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും സ്വീകരിക്കുന്ന ജൈവ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവയാണ് ബ്രഹ്മപുരത്തെത്തിച്ച് സംസ്‌കരിക്കുന്നത്. പ്ലാന്‍റില്‍ മാലിന്യ സംസ്‌കരണം ശാസ്‌ത്രീയമായ രീതിയില്‍ കാര്യക്ഷമമായി നടത്തണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു.
ഇതിനായി നിരവധി പദ്ധതികൾ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല. ബ്രഹ്മപുരം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തീ നിയന്ത്രണവിധേയമായതോടെ മാലിന്യവുമായി വാഹനങ്ങൾ ബ്രഹ്മപുരത്ത് എത്തിയെങ്കിലും നാട്ടുകാർ തടയുകയും തിരിച്ചയക്കുകയും ചെയ്‌തിരുന്നു.
ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരെയാണ് തീപിടിത്തത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഗുരുതരമായി ബാധിച്ചത്. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിൽ ഇരു മുന്നണികളുടെ നേതൃത്വത്തിൽ കൊച്ചി ഭരിച്ചവർ പരാജയപ്പെട്ടുവെന്നാണ് ജനങ്ങളുടെ അഭിപ്രായം.