കൊച്ചി: കൃഷി ചെയ്യാൻ സ്ഥലമില്ലെന്നും വരുമാനമില്ലെന്നും പറഞ്ഞ് മാറി നിൽക്കുന്ന കർഷകർക്ക് മാതൃകയായി പുത്തൻ പറമ്പിൽ ജോസഫ് ഫ്രാൻസിസ്. തിരക്കേറിയ കൊച്ചി നഗരത്തിലെ അഞ്ച് സെന്‍റ് സ്ഥലത്തുള്ള ഇരുനില വീടിന്റെ മുറ്റത്തും, മട്ടുപ്പാവിലും, ബാൽക്കണിയിലുമെല്ലാം കൃഷി ചെയ്ത് വിജയം കൈവരിച്ചിരിക്കുകയാണ് ഇദ്ദേഹം. നാൽപതിലധികം ഇനത്തിൽപ്പെട്ട മാവുകൾ, പ്ലാവ്, പലവിധത്തിലുള്ള പച്ചക്കറികൾ, പ്രാവുകൾ തുടങ്ങി മീൻ വളർത്തൽ വരെയുണ്ട് ജോസഫ് ഫ്രാൻസിസിന്റെ ഈ മട്ടുപ്പാവിൽ. ടെറസ് ഫാമിംഗിലൂടെ കൃഷി രീതികൾ വിജയിക്കുമെന്ന് തന്‍റെ പ്രയത്നത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ജോസഫ്. റോസ്, ഓർക്കിഡ് ചെടികളിൽ നിന്ന് തുടങ്ങിയ കൃഷി രീതി ഇന്ന് വിവിധയിനം മാവുകളിൽ എത്തിനിൽക്കുകയാണ്.
ഭാര്യയുടെ നാമധേയം നൽകി വികസിപ്പിച്ചെടുത്ത പെട്രീഷ്യയാണ് ജോസഫിന് പ്രശസ്തി നേടിക്കൊടുത്തത്. നാട്ടിലുള്ളതിൽ ഏറ്റവും മധുരമേറിയ മാമ്പഴങ്ങളിലൊന്നാണ് പെട്രീഷ്യയെന്ന് ജോസഫ് അവകാശപ്പെടുന്നു. കർഷകനല്ലാതിരുന്നിട്ടും കൃഷി രീതികൾ പരീക്ഷിച്ച് വിജയം കണ്ടെത്തുകയാണ് ജോസഫ്. പുതിയ കൃഷി രീതികൾ പരീക്ഷിക്കുന്നതിലും, കൃഷിയെ കുറിച്ച് സംശയവുമായെത്തുന്നവർക്ക് മറുപടി നൽകുവാനും ജോസഫിന് ഒട്ടുംതന്നെ മടിയില്ല. മറ്റുള്ളവർക്ക് മാതൃകയാകുന്നതിനായി ഇനിയും കൃഷിരീതികളുമായി മുന്നോട്ടു പോകുമെന്നും ജോസഫ് പറയുന്നു.