എറണാകുളം: കിഴക്കമ്പലം-പുക്കാട്ടുപടി റോഡിലെ ബി.എം.ബി.സി ടാറിങ് പ്രവൃത്തികൾ നിർത്തിവച്ചു. എസ്റ്റിമേറ്റിൽ സൂചിപ്പിച്ചിരിക്കുന്ന നിർമാണത്തേക്കാൾ കൂടുതൽ പ്രവർത്തനം നടന്നെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. കിഴക്കമ്പലം പഞ്ചായത്തിന്‍റെ പരിധിയിൽ വരുന്ന പി.ഡബ്ല്യൂ.ഡി റോഡിൽ സർക്കാർ ഫണ്ടിന്‍റെ അപര്യാപ്തത മൂലം ജനകീയ കൂട്ടായ്മയായ ട്വന്റി-20യുടെ സഹകരണത്തോടെയാണ് പ്രവൃത്തികൾ നടന്നുവന്നത്.
നിർമാണം നിർത്തിവച്ചതോടെ പ്രദേശവാസികളും വാഹനയാത്രികരും ദുരിതത്തിലായി. അശാസ്ത്രീയമായ നിലവിലെ ടാറിംഗ് നിര്‍ത്തിയിരുന്നു. ശേഷം അഞ്ച് അടിയോളം കനത്തിൽ ഫൗണ്ടേഷൻ ബലപ്പെടുത്തുകയും കലുങ്കുകൾ ഉൾപ്പെടെ വീതി വർദ്ധിപ്പിക്കുകയുമായിരുന്നു. അതേസമയം തൊട്ടടുത്ത പഞ്ചായത്തായ കുന്നത്തുനാടിന്‍റെ പരിധിയിൽ വരുന്ന പട്ടിമറ്റം - പത്താംമൈൽ റോഡിന്‍റെ നിർമാണവും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്.
കോൺഗ്രസ് എം.എൽ.എ വി.പി സജീന്ദ്രന്‍റെ മണ്ഡലത്തിലാണ് മുടങ്ങിയ രണ്ട് പ്രവൃത്തികളും. എം.എൽ.എയെ പ്രതിസ്ഥാനത്തു നിർത്തിയുള്ള ജനകീയ സമരങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വം പട്ടിമറ്റത്ത് സർക്കാരിനെതിരെ സമരം സംഘടിപ്പിച്ചിരുന്നു.