എറണാകുളം: കിഴക്കമ്പലം പഞ്ചായത്ത് ഇനി വനിതകളുടെ കയ്യിൽ ഭദ്രം. പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കെ.വി ജേക്കബിന്‍റെ രാജിയെ തുടർന്ന് വൈസ് പ്രസിഡന്‍റായിരുന്ന ജിൻസി അജി പ്രസിഡന്‍റ് സ്ഥാനമേറ്റെടുത്തു. മിനി രതീഷിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കും തെരഞ്ഞെടുത്തു.
പട്ടികജാതി പ്രതിനിധിയായി വിജയിച്ച മിനി രതീഷ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റാകുന്നതോടെ കിഴക്കമ്പലത്ത് തുടർന്നു വന്നിരുന്ന കീഴ്വഴക്കങ്ങൾ മാറും. സംവരണാടിസ്ഥാനത്തിനുള്ള തെരഞ്ഞെടുപ്പിന് പകരം സംവരണമില്ലാത്ത സ്ഥാനത്തേയ്ക്ക് പട്ടികജാതി വിഭാഗത്തിലുള്ള ജനപ്രതിനിധി ചുമതല ഏൽക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരി പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ മായ എം.എസിന്‍റെ സാന്നിധ്യത്തിലാണ് മിനി രതീഷ് സത്യപ്രതിജ്ഞ ചെയ്‌തത്. ഒന്നാം വാർഡായ അമ്പുനാട്ടിൽ നിന്നും പട്ടികജാതി വനിതാ സംവരണത്തിലൂടെയാണ് മിനി പഞ്ചായത്തംഗമായി തെരെഞ്ഞെടുക്കപ്പെട്ടത്.
കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്‌മ ട്വന്‍റി 20 യുടെ ജനപ്രതിനിധികളാണ് ജിൻസി അജിയും മിനി രതീഷും. പഞ്ചായത്തിലെ മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷ പദവി വഹിക്കുന്നതും വനിതകളാണെന്ന പ്രത്യേകതയും കിഴക്കമ്പലം പഞ്ചായത്തിനുണ്ട്.