എറണാകുളം: കൊവിഡ് പടർന്നുപിടിക്കുമ്പോഴും ട്വന്‍റി20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രമായ എഫ്എൽടിസി ആരംഭിച്ചിട്ടില്ലെന്ന് ആരോപണം. കൊവിഡ് ബാധിച്ച രോഗി തൊഴുത്തിനുള്ളിൽ കഴിഞ്ഞ സംഭവത്തെ തുടർന്നാണ് പഞ്ചായത്തിൽ എഫ്എൽടിസി ആരംഭിച്ചിട്ടില്ലെന്ന വിവരം പുറത്തായത്. തൊഴുത്തിൽ കഴിഞ്ഞ സാബുവിനെ (38) പന്നീട് നാട്ടുകാർ അമൃത മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാബുവിന്‍റെ വീടുൾപ്പെടുന്ന ഒന്നാം വാർഡിലെ ആശാവർക്കറായ മിനി രതീഷ് തന്നെയാണ് പഞ്ചായത്ത് പ്രസിഡന്‍റ്. അധിക ചുമതല വഹിക്കുന്നതല്ലാതെ ആശാവർക്കറുടെ സേവനങ്ങൾ വാർഡിൽ ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ മൂന്നെണ്ണത്തിലും ഇതുവരെ എഫ്‌എൽടിസികൾ ആരംഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
Also Read:കേരളം വില കൊടുത്തു വാങ്ങിയ കൊവാക്‌സിൻ കൊച്ചിയിലെത്തി
കിഴക്കമ്പലത്തെ കൂടാതെ കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രമായ എഫ്‌എൽടിസികൾ ഇല്ലാത്തത്. നഴ്‌സിന്‍റെ സേവനം ലഭിക്കാത്തത് കൊണ്ടാണ് എഫ്‌എൽടിസികൾ തുടങ്ങാനാവാത്തതെന്നാണ് പഞ്ചായത്തുകളുടെ വാദം. എന്നാൽ മറ്റ് പല പഞ്ചായത്തുകളിലും വോളന്‍റീയർമാരുടെ സേവനത്തിലാണ് എഫ്‌എൽടിസികൾ പ്രവർത്തിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് കുന്നത്തുനാട് നിയുക്ത എംഎൽഎ പിവി ശ്രീനിജൻ വിളിച്ച പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗത്തിലും ട്വന്‍റി20യുടെ നാല് പഞ്ചായത്തിലെയും പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. പഞ്ചായത്തിന്‍റെ അനാസ്ഥയെ തുടർന്ന് കിഴക്കമ്പലത്ത് ജാഗ്രതാ സമിതി രൂപീകരിച്ചിരിക്കുകയാണ് വിവിധ രാഷ്‌ട്രീയ കക്ഷികൾ.
Also Read: കൊവിഡ് പ്രതിരോധത്തിൽ കൈതാങ്ങായി കെഎസ്ആർടിസി ഡ്രൈവർമാരും