എറണാകുളം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. കൊച്ചിയിൽ ജോലി ചെയ്യുന്ന അസം സ്വദേശിയായ ആൽബർട്ട് ടിഗയാണ് ഒന്നാം സ്ഥാനം നേടിയ ഭാഗ്യവാൻ. സമ്മാനാർഹമായ ടിക്കറ്റ് ആൽബർട്ട് ടിഗ ആലുവ എസ്‌ബിഐ കാത്തലിക് സെൻ്റർ ബ്രാഞ്ച് മാനേജർ ഗിവർഗീസ് പീറ്ററിന് കൈമാറി. അതേസമയം സുരക്ഷ പ്രശ്‌നങ്ങൾ പരിഗണിച്ച് കാമറയ്ക്ക് മുന്നിൽ വരാൻ താത്‌പര്യമില്ലെന്നായിരുന്നു മുമ്പ് ഭാഗ്യശാലിയുടെ നിലപാട്.
ആരാണ് ആ ഭാഗ്യവാന്‍: സിനിമ താരം രജനി ചാണ്ടിയുടെ ആലുവയിലെ വീട്ടിലെ സഹായിയാണ് ആൽബർട്ട് ടിഗ. വർഷങ്ങളായി ഇയാൾ ഇവിടെ ജോലി ചെയ്‌ത് വരികയായിരുന്നു. സമ്മാനം ലഭിച്ചുവെന്നറിഞ്ഞെങ്കിലും ടിഗ ആരെയും അറിയിച്ചിരുന്നില്ല. പിന്നീട് രജനി ചാണ്ടിയുടെ ഭർത്താവ് ചാണ്ടിയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ചാണ്ടിയോടൊപ്പം ആലുവ എസ്ബിഐയിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു. ആൽബർട്ട് ടിഗയുടെ അസമിലെ എസ്‌ബിഐ ശാഖയിലെ അക്കൗണ്ട് ആലുവയിലേക്ക് മാറ്റിയാണ് ടിക്കറ്റ് ബാങ്കിൽ നൽകിയത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സമ്മർ ബമ്പർ BR 90 ലോട്ടറി ഫലം ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഭാഗ്യശാലിയാരാണെന്ന് വ്യക്തമായിരുന്നില്ല. ഒന്നാം സമ്മാനമായ 10 കോടി രൂപ SE 222282 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ ഏജൻ്റായ ജോൺ എംഡിയാണ് (ഏജൻസി നമ്പർ E 10242) ഒന്നാം സമ്മാനത്തിന് അർഹമായ SE 222282 എന്ന ടിക്കറ്റ് വിൽപന നടത്തിയത്. എറണാകുളത്ത് തന്നെ വില്‍പന നടത്തിയ SB 152330 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
ബമ്പറുകള്‍ 'അതിഥികള്‍'ക്ക്: കഴിഞ്ഞ ചൊവ്വാഴ്‌ച നറുക്കെടുത്ത സംസ്ഥാന സര്‍ക്കാരിന്‍റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചതും ഇതര സംസ്ഥാന തൊഴിലാളിക്കായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ ബദേസ് 75 ലക്ഷം രൂപ ലോട്ടറിയടിച്ചതിന് പിന്നാലെ പൊലീസ് സ്‌റ്റേഷനിൽ അഭയം തേടിയിരുന്നു. മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലായിരുന്നു ഇയാൾ സംരക്ഷണം തേടിയെത്തിയത്. ലോട്ടറിയടിച്ചത് തനിക്കാണെന്ന് അറിഞ്ഞതിന്‍റെ ഞെട്ടലിലായിരുന്ന ഇയാൾ ഇത്ര വലിയ തുകയ്ക്ക് അർഹമായ ടിക്കറ്റ് ആരെങ്കിലും തട്ടിയെടുക്കുമോയെന്നും ഭയപ്പെട്ടിരുന്നു. തന്നെയും ലോട്ടറി ടിക്കറ്റിനെയും സംരക്ഷിക്കണമെന്ന് ഇയാൾ പൊലീസിനോട് അപേക്ഷിക്കുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ബദേസിനെ സമാധാനിപ്പിച്ചയക്കുകയായിരുന്നു. ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കാനും ബാങ്കിൽ ഏല്‍പിച്ച് പണം കൈപറ്റാമെന്നും അവർ നിർദേശിച്ചു. നാട്ടിലേക്ക് മടങ്ങുംവരെ മൂവാറ്റുപുഴയിൽ സുരക്ഷിതനായി കഴിയാമെന്ന പൊലീസിന്‍റെ ആശ്വാസവാക്കുകൾ കേട്ടതോടെയാണ് ഇയാൾക്ക് സമാധാനമായത്. നടപടി ക്രമങ്ങൾ പൂർത്തിയായി പണം കിട്ടിയാലുടന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ് ഈ തൊഴിലാളി.
ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ്: ടാറിങ് തൊഴിലാളിയായ ബദേശ് ജോലിയുടെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയപ്പോഴായിരുന്നു ലോട്ടറിയെടുത്തത്. എസ്ആര്‍ 570994 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്ന് അറിഞ്ഞതോടെയാണ് താൻ ലക്ഷപ്രഭുവാണെന്ന യാഥാർഥ്യം ബദേസിനെ ആശങ്കാകുലനാക്കിയത്. ഇതോടെ മറ്റാരുടെയും സഹായം തേടാതെ കേരള പൊലീസിൽ അഭയം തേടുകയായിരുന്നു. പൊലീസ് നൽകിയ ആത്മവിശ്വാസത്തിലാണ് സമ്മാന തുകയ്ക്കായി ബദേസ് കാത്തിരിക്കുന്നത്.
ലോട്ടറി ടിക്കറ്റുമായി ഒരാൾ സ്‌റ്റേഷനിലേക്ക് ഓടിയെത്തിയപ്പോൾ ആദ്യഘട്ടത്തിൽ പൊലീസുകാർ അമ്പരന്നുവെങ്കിലും കാര്യമറിഞ്ഞതോടെ പരിഹാര നിർദേശങ്ങൾ നൽകി തിരിച്ചയക്കുകയായിരുന്നു. മുർഷിബാദ് ജില്ലയിലെ കട്ട കോപ്ര സ്വദേശിയായ എസ്.കെ ബദേസ് മാസങ്ങളായി റോഡ് നിർമാണ ജോലികളുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ട്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലമുള്ള അദ്ദേഹം ലോട്ടറി കട കണ്ടതോടെ ടിക്കറ്റ് എടുക്കുകയായിരുന്നു. എന്നാൽ ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്നും സമ്മാന തുക കിട്ടിയ ശേഷം നാട്ടിലെത്തി വീട്ടുകാരുമായി ആലോചിച്ച് തുടർപരിപാടികൾ തീരുമാനിക്കാനാണ് തീരുമാനമെന്നും ബദേസ് അറിയിച്ചിരുന്നു.