കൊച്ചി: റോഡിന്‍റെ ശോചനീയാവസ്ഥയെ തുടർന്ന് അപകടത്തില്‍ പെട്ട് മരിക്കുന്നവരുടെ കുടുംബത്തിന് നല്‍കുന്ന നഷ്‌ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. കേരളത്തില്‍ നല്ല റോഡ് ഇല്ലാത്തതിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും നല്ല റോഡ് ഉണ്ടാകുക എന്നത് ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുന്നതിനെ കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്താമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെയും ഹൈക്കോടതി വിമര്‍ശിച്ചു. രാത്രി കാലങ്ങളില്‍ സ്‌ത്രീകളോട് പുറത്ത് ഇറങ്ങി നടക്കാനാണ് സര്‍ക്കാര്‍ പറയുന്നത്. കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത റോഡിലേക്കാണോ സര്‍ക്കാര്‍ സ്‌ത്രീകളോട് ഇറങ്ങി നടക്കാന്‍ പറയുന്നതെന്ന് കോടതി ചോദിച്ചു.