എറണാകുളം : വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ബസ് യാത്ര തുടങ്ങുന്ന സമയത്ത് രക്ഷിതാക്കൾ പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച ശേഷമാണ് കോടതി നടപടി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. ടൂറിസ്റ്റ് ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരാണെന്ന് ഹൈക്കോടതി ചോദിച്ചു.
കോടതി നിരോധിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവുമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായതോടെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. അപകടവുമായി ബന്ധപ്പെട്ട്, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ നാളെ കോടതിയിൽ ഹാജരാകണം. ഇന്ന് മുതല്‍ ഒരു വാഹനങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ പാടില്ല. നിലവിൽ ഏതെങ്കിലും വാഹനം നിരോധിക്കപ്പെട്ട ഹോണുകളോ ലൈറ്റുകളോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ കസ്റ്റഡിയിലെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത്കുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ചിന്‍റേതാണ് നടപടി. തിങ്കളാഴ്‌ച ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണം. വിഷയം ഹൈക്കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.