എറണാകുളം: സ്ഥലംമാറ്റ ഉത്തരവിനെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കൃഷ്‌ണകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റ ഉത്തരവിൽ അപാകതയില്ല, ലേബർ കോടതിയിലേക്കുള്ള മാറ്റം നിയമവിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ലേബർ കോടതി ജഡ്‌ജി ഡെപ്യൂട്ടേഷൻ തസ്‌തികയായതിനാൽ സ്ഥലം മാറ്റുന്നതിന് മുൻപ് അനുവാദം വാങ്ങണമെന്ന കൃഷ്‌ണകുമാറിന്‍റെ വാദവും കോടതി തള്ളി.
അത്തരത്തിൽ അനുവാദം വാങ്ങേണ്ടതില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. അതേസമയം, വിധി പറയാനായി ഹര്‍ജി മാറ്റിവച്ചു. ചട്ടങ്ങൾ പാലിച്ചല്ല സ്ഥലം മാറ്റിയതെന്ന് ആരോപിച്ചായിരുന്നു കൃഷ്‌ണകുമാറിന്‍റെ ഹർജി. ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക് മാറ്റുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളും പരിഗണിച്ചില്ല. കൂടാതെ അടുത്ത മെയ് 31 വരെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായിരിക്കാൻ അർഹതയുണ്ട്.
മൂന്ന് വർഷക്കാലാവധി തികയ്‌ക്കുന്നതിന് മുൻപ് സ്ഥലം മാറ്റണമെങ്കിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങളും ലംഘിക്കപ്പെട്ടതായും കൃഷ്‌ണകുമാറിന്‍റെ ഹർജിയിൽ പറഞ്ഞിരുന്നു. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യ ഉത്തരവിൽ കൃഷ്‌ണകുമാർ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു സ്ഥലം മാറ്റം. ഇരയുടെ വസ്‌ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നു വിവാദ പരാമർശം.