എറണാകുളം: വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മെയ് ഒന്നു മുതൽ നാലുവരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കർശന നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പൊലീസും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി നിർദേശിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകൻ കെ.പി. പ്രദീപ് കുമാർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
Read More:കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് ഹൈക്കോടതി
പ്രോട്ടോക്കോൾ നടപടികളുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ നിയമങ്ങൾ ലംഘിക്കുമെന്നും വിജയം ആഘോഷിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി കർശന നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് നൽകിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്ന മെയ് രണ്ടിന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണം, കൂടിച്ചേരലുകൾ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമർപ്പിച്ച ഹർജികൾ നേരത്തെ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. സർക്കാരിന്‍റെയും ഇലക്ഷൻ കമ്മിഷന്‍റെയും വിശദീകരണങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി ലോക്ക്ഡൗൺ വേണ്ടെന്ന നിലപാട് അംഗീകരിക്കുകയായിരുന്നു.