എറണാകുളം: പ്രൈസ് വാട്ടർഹൗസ് കൂപേഴ്‌സ് കമ്പനിയെ സംസ്ഥാന സർക്കാർ പദ്ധതികളിൽ നിന്ന് വിലക്കിയ സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പിഡബ്ല്യുസി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഒരാഴ്ചത്തേക്ക് ഇടക്കാല സ്‌റ്റേ അനുവദിച്ചത്. പിഡബ്ല്യുസിയെ കരിമ്പട്ടികയിൽ പെടുത്താനായിരുന്നു ആദ്യം സർക്കാർ ആലോചിച്ചത്. പിന്നീടത് രണ്ട് വർഷത്തേക്കായി സർക്കാർ ചുരുക്കുകയായിരുന്നു. വിലക്കിന് വ്യക്തമായ കാരണം പറയാതെയും തങ്ങളുടെ ഭാഗം കേൾക്കാതെയുമാണ് സർക്കാരിന്‍റെ നടപടിയെന്നാണ് പി ഡബ്ല്യു സി യുടെ പ്രധാന വാദം. ഇത് പരിഗണിച്ചാണ് കോടതി സ്‌റ്റേ അനുവദിച്ചത്.
നിയമനങ്ങളിലെ സുതാര്യതക്കുറവും യോഗ്യതയില്ലാത്തവരുടെ നിയമനവും ചൂണ്ടിക്കാട്ടിയായിരുന്നു പിഡബ്ല്യുസിക്കെതിരെ സർക്കാർ വിലക്കേർപ്പെടുത്തിയത്. ഇടക്കാല സ്‌റ്റേ നൽകിയ സാഹചര്യത്തിൽ എന്ത് കൊണ്ടാണ് വിലക്കേർപ്പെടുത്തിയതെന്ന് വിശദമായി സർക്കാർ ഹൈക്കോടതിയെ അറിയിക്കും. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.