എറണാകുളം : നിയമങ്ങൾ കാറ്റിൽ പറത്തി മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. നഗരത്തിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടംമൂലം അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ. എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് ഇത്തരക്കാരുടെ ചിന്തയെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. യാത്രാവാഹനങ്ങളിലെ പരിശോധന കർശനമാക്കി നിയമലംഘകർക്കെതിരെ നടപടിയെടുക്കണമെന്നും കൃത്യമായ ഇടവേളകളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി കർശന നിർദേശം നൽകി.
നഗരത്തിൽ ആവശ്യത്തിന് ഫുട്‌പാത്തുകളില്ലാത്തത് കാൽനടക്കാർക്ക് ദുരിതയാത്ര സമ്മാനിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. ഇതുകൊണ്ടുതന്നെ കാൽനടയാത്രക്കാർ റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാകുന്നു. ഫുട്‌പാത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനും കോടതി സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.