എറണാകുളം: പെരിയ ഇരട്ടക്കൊല കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം സിബിഐയ്ക്ക് കൈമാറാത്തത് കൃത്യവിലോപമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകൾ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനും കേരള പൊലീസിനുമാണെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അന്വേഷണം കൈമാറാൻ വൈകുന്ന ഓരോ നിമിഷവും തെളിവുകളില്ലാതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കോടതി ഉത്തരവ് പാലിക്കാത്തത് ഗൗരവകരമായി കാണുന്നുവെന്നും കോടതി വ്യക്തമാക്കി. എന്തുകൊണ്ട് അന്വേഷണം സിബിഐക്ക് കൈമാറിയില്ല എന്ന് പൊലീസ് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും മാതാപിതാക്കൾ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടയിലാണ് പൊലീസിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
എത്രയുംവേഗം കേസ് ഡയറി സിബിഐക്ക് കൈമാറണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇതിനിടെ കേസിന്‍റെ വിശദാംശം ആവശ്യപ്പെട്ട് പൊലീസിന് കത്ത് നൽകിയെങ്കിലും മറുപടി ഉണ്ടായില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.