എറണാകുളം: സംസ്ഥാന ശിശുക്ഷേമ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ നടപടി. മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ നിശ്ചയിക്കാൻ ജസ്‌റ്റിസ് വിജി അരുൺ ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്‌ത് ശിശുക്ഷേമ സമിതി മുൻ ട്രഷറർ ആർഎസ് ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്‍റെ നടപടി. 2020 മാർച്ചിലാണ് ജെഎസ് ഷിജുഖാനെ ശിശുക്ഷേമ സമിതി സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുത്തത്. എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞാണ് പല അംഗങ്ങൾക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം സംബന്ധിച്ച നോട്ടീസ് ലഭിച്ചത്.
തെരഞ്ഞെടുപ്പിന് 21 ദിവസം മുൻപ് അംഗങ്ങളെ രജിസ്‌റ്റേഡ് തപാലിൽ വിജ്ഞാപനം അറിയിക്കണമെന്നാണ് ചട്ടം. സിപിഎം പ്രതിനിധികൾക്ക് മാത്രം പത്രിക നൽകാനുള്ള അവസരമൊരുക്കാനാണ് നോട്ടീസ് വൈകിപ്പിച്ചതെന്നാണ് ഹർജിക്കാരന്‍റെ വാദം. ശശികുമാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ നടപടികൾ പൂർത്തിയാക്കി പുതിയ അംഗങ്ങൾ ചുമതലയേൽക്കുകയായിരുന്നു.