എറണാകുളം : അനാരോഗ്യപരവും അശാസ്ത്രീയവും ആപത്കരവുമായ ആചാരങ്ങൾ മതത്തിന്‍റെ പേരിലാണെങ്കിൽ പോലും തടയണമെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആചാരത്തിന്‍റെ പേരിൽ പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വി ജി അരുണിന്‍റേതാണ് നിരീക്ഷണം.
എടത്തലയിൽ ആനന്ദ് എന്ന വ്യക്തി അനധികൃതമായി പൂജയും ആരാധനയും നടത്തുന്നു എന്നാണ് ഹർജിക്കാരന്‍റെ ആരോപണം. പ്രദേശവാസിയായ രവീന്ദ്രനായിരുന്നു ഹർജി നൽകിയത്. പ്രസ്‌തുത സ്ഥലത്ത് ഏതെങ്കിലും ആരാധന നടക്കുന്നെന്ന് ബോധ്യപ്പെട്ടാൽ എത്രയും വേഗം തടയാനും കോടതി നിർദേശിച്ചു.
പക്ഷികളെയും മൃഗങ്ങളെയും കൊന്ന് പൂജ നടത്തുന്നുവെന്ന് കണ്ടെത്തിയാൽ ബലി കൊടുക്കുന്നതിനെതിരായ നിയമ പ്രകാരം നടപടിയെടുക്കാനും ഉത്തരവുണ്ട്. അനധികൃതമായി ആരാധന നടത്തുന്നുവെന്ന് കണ്ടെത്തിയാൽ തടയണമെന്ന് ആർ ഡി ഒ അടക്കമുള്ളവർക്ക് കോടതി നിർദേശം നൽകി.
ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉത്സവത്തിനായി ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി ഫോർ എലിഫന്‍റ് വെൽഫെയർ എന്ന സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഉത്സവത്തിന് ആനകളുടെ എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ : വിഷയത്തില്‍ സർക്കാർ ഗൗരവമായി ശ്രദ്ധ പതിപ്പിക്കണമെന്ന് ഡിവിഷൻ ബഞ്ച് നിർദേശം നൽകി. ആക്റ്റിങ് ചീഫ് ജസ്‌റ്റിസ് എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഇക്കാര്യത്തിനായി ജില്ലാതലത്തിൽ നിരീക്ഷണ സമിതി വേണമെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ചു.
ക്ഷേത്രങ്ങളിൽ ആനകൾക്ക് കുളിക്കാൻ ടാങ്കുകളോ, കുളങ്ങളോ ഒരുക്കി നൽകണമെന്നും സൊസൈറ്റി ഫോർ എലിഫന്‍റ് വെൽഫെയർ എന്ന സംഘടനയുടെ പൊതുതാത്‌പര്യ ഹർജിയിൽ ആവശ്യപ്പെടുന്നു. തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളിലും മറ്റുമുള്ള ആനകൾക്ക് കുളിക്കാൻ ടാങ്ക് അടക്കമുള്ള സൗകര്യമുണ്ടെന്നും എന്നാൽ, കേരളത്തിൽ ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
ആനക്കോട്ടയിലെ ദുരിതം അറിയിച്ചും ഹർജി : ഗുരുവായൂർ ആനക്കോട്ടയിലെ ആനകളുടെ സ്ഥിതി പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടി ഒരു മാധ്യമ പ്രവർത്തക ഹര്‍ജി നൽകിയിരുന്നു. സ്ഥലപരിമിതി, ഭക്ഷണം, മതിയായ ചികിത്സ എന്നിവ ലഭിക്കാതെ ആനകൾ ദുരിതത്തിലാണെന്നായിരുന്നു ഹർജിക്കാരിയുടെ ആരോപണം. കൂടാതെ, 65 വയസ് പിന്നിട്ട ആനകളെ ഉചിതമായ വനപ്രദേശത്ത് വിടാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ആനക്കോട്ട സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി അഭിഭാഷക കമ്മിഷനെയും കോടതി നിയമിച്ചു. റിപ്പോർട്ട് സമർപ്പിക്കാനായി മുതിർന്ന അഭിഭാഷകൻ കെ പി ശ്രീകുമാറിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.