എറണാകുളം: ആർ.ടി.പി.സി.ആർ പരിശോധനാനിരക്ക് സംബന്ധിച്ച് ഉത്തരവിറക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്ന് ഹൈക്കോടതി. ആർ.ടി.പി.സി.ആർ നിരക്ക് 500 ആയി കുറച്ച സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള സ്വകാര്യ ലാബുകളുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വെള്ളിയാഴ്‌ച വിശദമായ നിലപാട് അറിയിക്കാമെന്ന് സർക്കാർ അറിയിച്ചു. വീണ്ടും പരിഗണിക്കാനായി ലാബ് ഉടമകളുടെ ഹർജി ഏഴാം തിയ്യതിയിലേക്ക് മാറ്റി. 1750 രൂപയായിരുന്ന ആർ.ടി.പി.സി.ആർ പരിശോധനാനിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ലാബ് ഉടമകളുടെ ആവശ്യം.
Also Read:സൗജന്യ വാക്‌സിനേഷന്‍ : കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രി
ലാബുകളിലെ പരിശോധനാനിരക്ക് നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഉടമകൾ വാദിച്ചു. നിരക്ക് കുറയ്ക്കാൻ തയ്യാറല്ലെങ്കിൽ ലാബുകൾക്ക് സബ്‌സിഡി നൽകി സർക്കാർ നഷ്‌ടം നികത്തണം. നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകർക്കുമെന്നും ഉടമകൾ കോടതിയിൽ പറഞ്ഞു. നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഐ.സി.എം.ആർ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. നിരക്ക് കുറച്ച സർക്കാർ നടപടി വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും. നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്തതിന്‍റെ പേരിൽ കേസെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്നും ഹർജിക്കാർ കോടതിയില്‍ വാദിച്ചു.