എറണാകുളം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള പ്രിയ വർഗീസിന്‍റെ നിയമനത്തിന് സ്‌റ്റേ. രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയ വർഗീസിന്‍റെ നിയമനം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് സ്റ്റേ ചെയ്‌തത്.
പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജി ഓഗസ്‌റ്റ് 31 ന് കോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് പ്രിയ വർഗീസിന്‍റെ നിയമനമടക്കം തടഞ്ഞു കൊണ്ടുള്ള സ്റ്റേ.
യു.ജി.സി വിശദീകരണം നല്‍കണം: ഹർജിയിൽ എതിർ കക്ഷികളായ പ്രിയ വർഗീസ്, കണ്ണൂർ സർവകലാശാല വിസി, സർക്കാർ എന്നിവരടക്കം ആറ് പേർക്ക് കോടതി നോട്ടിസ് അയച്ചു. ഹർജിയിൽ യു.ജി.സിയെ കക്ഷി ചേർക്കാനും നിർദേശമുണ്ട്. മാനദണ്ഡം ലംഘിച്ചുകൊണ്ടാണോ നിയമനമെന്ന കാര്യത്തിൽ യു.ജി.സി വിശദീകരണം നല്‍കണം.
പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുന:ക്രമീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. യു.ജി.സി മാനദണ്ഡങ്ങൾ മറികടന്നാണ് നിയമനമെന്നും, റിസർച്ച് സ്‌കോറിൽ ഏറെ പിന്നിലായിരുന്ന പ്രിയ വർഗീസിനെ അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകി ഒന്നാം റാങ്കില്‍ എത്തിക്കുകയായിരുന്നുവെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഒന്നാം റാങ്കുകാരിയായ പ്രിയയ്‌ക്ക് 156 മാര്‍ക്കും, ജോസഫ് സ്‌കറിയയ്‌ക്ക് 651 മായിരുന്നു റിസർച്ച് സ്‌കോർ.