എറണാകുളം: വിവാഹമോചനം നേടാന്‍ മുസ്‌ലിം സ്‌ത്രീകളെ കോടതിയിലേക്ക് അയക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. 2008ലെ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്‌തവര്‍ അവരുടെ വ്യക്തി നിയമപ്രകാരമാണ് വിവാഹമോചനം തേടിയതെങ്കില്‍ അത് രേഖപ്പെടുത്താന്‍ അവരെ കോടതിയിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാകാതെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തലാഖ് രേഖപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി (Kerala HC On Divorce).
2008ലെ ചട്ടത്തില്‍ ഇക്കാര്യത്തില്‍ അപാകതയുണ്ടെന്നാണ് താന്‍ കരുതുന്നത്. നിയമസഭയും ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍ പറഞ്ഞു.
2008ലെ ചട്ടപ്രകാരം വിവാഹമോചിതയായ സ്‌ത്രീക്ക് കോടതിയെ സമീപിച്ച് വിവാഹ രജിസ്റ്ററിലെ പേര് നീക്കം ചെയ്യുന്നത് വരെ പുനര്‍ വിവാഹം ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ക്ക് തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹ രജിസ്റ്ററില്‍ തന്‍റെ വിവാഹമോചനം രേഖപ്പെടുത്താന്‍ വിവാഹ രജിസ്‌ട്രാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവാഹമോചിത നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് (Triple Talaq).
ഭര്‍ത്താവ് തലാഖ് ചൊല്ലിയാല്‍ 2008ലെ നിയമം പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്‍ മുസ്‌ലിം സ്‌ത്രീക്ക് മാത്രം ഭാരമാകുമോയെന്നും ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. രജിസ്‌ട്രാറുടെ നിലപാടിനോട് വിയോജിച്ച കോടതി വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരമുണ്ടെങ്കില്‍ വിവാഹമോചനം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവുമുണ്ടെന്നും ചൂണ്ടിക്കാട്ടി. വിവാഹമോചനം രേഖപ്പെടുത്തുന്നതിനുള്ള യുവതിയുടെ അപേക്ഷ പരിഗണിക്കാനും യുവതിയുടെ മുന്‍ ഭര്‍ത്താവിന് നോട്ടിസ് നല്‍കിയതിന് ശേഷം ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാനും വിവാഹ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2012ലാണ് ഹര്‍ജിക്കാരി വിവാഹിതയായത്. എന്നാല്‍ രണ്ട് വര്‍ഷം മാത്രം ഒരുമിച്ച് കഴിഞ്ഞതിന് ശേഷം 2014ല്‍ ഭര്‍ത്താവ് തലാഖ് ചൊല്ലുകയായിരുന്നു. തലശേരി മഹല്ല് ഖാസി നല്‍കിയ വിവാഹമോചന സര്‍ട്ടിഫിക്കറ്റും യുവതിക്ക് ലഭിച്ചു. എന്നാല്‍ 2008ലെ ചട്ടങ്ങള്‍ പ്രകാരം വിവാഹമോചനം രേഖപ്പെടുത്താന്‍ പോയപ്പോള്‍ രജിസ്ട്രാര്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത് (Divorce Certificate).
തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്താം: മുസ്‌ലിം വ്യക്തിനിയമം പാലിച്ച് തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് തടയാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തലാഖ് ചൊല്ലി ബന്ധം വേര്‍പ്പടുത്തുന്നത് തടഞ്ഞ കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയാണ് 2022ല്‍ ഹൈക്കോടതി ഈ ഉത്തരവിട്ടത്. മൂന്നാം തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.