എറണാകുളം: എൻ.ഐ.എ അന്വേഷണം നേരിടുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയുടെ ഓഫീസായി പിണറായി വിജയന്‍റെ ഓഫീസ് മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. സ്വർണ കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലത്ത് ജനങ്ങളെ പ്രതിഷേധത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. സ്വർണ കള്ളക്കടത്തുമായി ഭരണാധികാരികൾ സാമൂഹ്യ അകലം പാലിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് പ്രതിഷേധിക്കേണ്ടി വരില്ലായിരുന്നു. തങ്ങൾ മരണത്തിന്‍റെ വ്യാപാരികളെല്ലന്നും ഷാഫി പറമ്പിൽ പറഞ്ഞു. എറണാകുളം ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. കൊവിഡ് സാഹചര്യത്തിൽ പിവിസി പൈപ്പ് കൊണ്ട് ചതുരമുണ്ടാക്കി ഇതിനുള്ളിൽ അണിനിരന്നായിരുന്നു പ്രതിഷേധം.എന്നാൽ മുൻ നിരയിൽ എം.എൽ.എമാർ ഉൾപ്പടെയുള്ള നേതാക്കൾ അണിനിരന്നത് സാമൂഹിക അകലം ലംഘിച്ചായിരുന്നു.