എറണാകുളം : വിധവ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി പരിഗണിക്കവെ ഹൈക്കോടതിയ്‌ക്കെതിരെ പരാമർശം നടത്തി സർക്കാർ അഭിഭാഷകൻ (Kerala Govt Advocate Spoke Against HC on Mariyakkuttys Petition). കോടതി വാക്കാൽ പറയുന്ന ചില പരാമർശങ്ങൾ സർക്കാരിനെതിരായ രീതിയിൽ ഉത്തരവിലടക്കം ചൂണ്ടിക്കാട്ടുന്നെന്ന ആക്ഷേപം ഉന്നയിച്ചു കൊണ്ടായിരുന്നു അഭിഭാഷകൻ ഹൈക്കോടതിയ്ക്ക് നേരെ ക്ഷുഭിതനായത്.
എന്നാല്‍ ഇത്തരത്തിൽ സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നെന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, പരാമർശം വ്യക്തമാക്കണമെന്നും പിൻവലിക്കാത്ത പക്ഷം രേഖപ്പെടുത്തുമെന്നും അഭിഭാഷകന് മുന്നറിയിപ്പ് നൽകി. ഒടുവിൽ സർക്കാർ അഭിഭാഷകന് പരാമർശം പിൻവലിക്കേണ്ടി വന്നു.
വിധവ പെൻഷൻ നിയമാനുസൃത പെൻഷൻ വിഭാഗത്തിൽ ഉൾപ്പെടുന്നതല്ലെന്നും, ഫണ്ടിന്‍റെ പര്യാപ്‌തതയ്ക്ക് അനുസരിച്ചാണ് നൽകുന്നതെന്നുമായിരുന്നു സർക്കാർ വാദം. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് ആവർത്തിച്ച സർക്കാർ മറിയക്കുട്ടിയ്ക്ക് മാത്രമായി പെൻഷൻ നൽകാനാകില്ലെന്നും, 45 ലക്ഷത്തിനു മുകളിൽ ആളുകൾക്ക് കുടിശ്ശിക കൊടുക്കാനുണ്ടെന്നും, ചെറിയ തുകയായിട്ടു കൂടി കേന്ദ്ര സർക്കാർ വിഹിതം നൽകിയില്ലെന്നും വാദിച്ചു.
എന്നാല്‍ പറ്റുമ്പോൾ കൊടുക്കാമെന്ന സർക്കാർ നിലപാട് നിർഭാഗ്യകരമാണെന്നും, രാഷ്ട്രീയ പ്രേരിതമെന്ന പരാമർശം ഞെട്ടിപ്പിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. കേന്ദ്രത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യൂ എന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രണ്ട് സർക്കാരുകൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കോടതിക്ക് വിഷയമല്ലെന്നും വാക്കാൽ പരാമർശം നടത്തി.
അമിക്കസ്ക്യൂറിയെ വച്ചേക്കാമെന്ന് ഒരു വേള പരാമർശം നടത്തിയ കോടതി മറിയക്കുട്ടിക്ക് ഡിഎല്‍എസ്‌എയുടെ സഹായം ആവശ്യമെങ്കിൽ കോടതിയെ അറിയിക്കാമെന്നും വ്യക്തമാക്കി. മറിയക്കുട്ടിയെ പോലുള്ളവരോട് സഹതാപം മാത്രമെന്നും, താൻ ക്രിസ്‌മസ് ആഘോഷത്തിൽ നിന്ന് വിട്ടു നിൽക്കുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പിതാവാണ് തന്നെ നയിക്കുന്നത്. ഉത്തരവുകളെഴുതാൻ ആരെയും ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.