കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയാനന്തര പുനർനിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ ഇരുപതിന് പ്രളയബാധിതരുടെ സംഗമം സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി എ സി മൊയ്തീൻ.
ജില്ലയിലെ പ്രളയദുരിതാശ്വാസ പുനർനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നേരിടുന്ന വെല്ലുവിളികളും അദ്ദേഹം വിലയിരുത്തി. പ്രളയദുരിതത്തെ അതിജീവിക്കുന്നതില്‍ വിവിധ മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് ജില്ല കൈവരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബശ്രീ ആര്‍കെഎല്‍എസ് വായ്പ ഏറ്റവുമധികം വിതരണം ചെയ്ത ജില്ലകളിലൊന്നാണിത്. 423.05 കോടി രൂപയാണ് ലഭ്യമാക്കിയത്. റീബില്‍ഡ് കേരളയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ധനസഹായം നല്‍കി പൂര്‍ത്തീകരിച്ച വീടുകള്‍ക്ക് പുറമേ സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതിയിലൂടെ മുന്നൂറിലധികം വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. ഫീല്‍ഡ് വെരിഫിക്കേഷന്‍ ജൂലൈ ഒമ്പതിന് ആരംഭിക്കും. കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ ഇതുവരെ കൈക്കൊണ്ട നടപടികളും അദ്ദേഹം വിലയിരുത്തി. തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍പെട്ട് വീടുനിര്‍മാണം തടസ്സപ്പെട്ട പ്രളയബാധിതര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. സാങ്കേതികപ്രശ്‌നം മൂലം പണം നല്‍കാന്‍ കഴിയാതെപോയതെങ്കിലും അപേക്ഷകളുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ജൂലൈ എട്ടുവരെ സമയം നല്‍കിയപ്പോള്‍ 1,07,000 അപേക്ഷകളാണ് പുതുതായി ലഭിച്ചത്. ഇവയുടെ ഡാറ്റ എന്‍ട്രി നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
റീബില്‍ഡ് കേരള, കെയര്‍ഹോം പദ്ധതിയിലുള്‍പ്പെടുത്തി വീട് ലഭിച്ചവര്‍, പ്രളയത്തില്‍ നഷ്ടമായ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീ മുഖേന ആവിഷ്‌കരിച്ച റിസര്ജന്റ് കേരള വായ്പ പദ്ധതി, കൃഷി, മൃഗസംരക്ഷണവകുപ്പ് പദ്ധതി ഗുണഭോക്താക്കള്‍ തുടങ്ങിയവർ സംഗമത്തില്‍ പങ്കെടുക്കും. പണി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനവും നടത്തും. ജില്ലാ കലക്ടര്‍ എസ് സുഹാസ്, സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.