എറണാകുളം : കേരളത്തെ ബാലവിവാഹ മുക്ത സംസ്ഥാനമായി ഉടൻ പ്രഖ്യാപിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വിവര ശേഖരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും (Child Marriage Free State ) ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. എൻ സുനന്ദ. സംസ്ഥാന ബാലാവകാശ കമ്മീഷനും ( Commission For Protection Of Child Rights ) പൊലീസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച എസ്.പി.സി (Student Police Cadet) അധ്യാപകരുടെ ഏകദിന പരിശീലന ക്യാമ്പ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അഡ്വ. എൻ സുനന്ദ.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. അധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങൾ എന്താണെന്ന് മനസ്സിലാക്കി പരിഹരിക്കണം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ( Mentally Challenged Children) പ്രത്യേക പരിചരണം നൽകണം. കുട്ടികൾക്കും അഭിപ്രായങ്ങളുണ്ട്, അത് മാനിക്കപ്പെടണം.
2015ലാണ് ബാലനീതി നിയമം നിലവിൽ വന്നത്. നിയമം അനുശാസിക്കുക എന്നത് രാജ്യത്തെ ഏതൊരു പൗരന്‍റെയും കർത്തവ്യമാണ്. അതിക്രമങ്ങൾ കുറയ്ക്കാനാണ് നമ്മൾ പ്രവർത്തിക്കേണ്ടത്. കുടുംബശ്രീയുടെ നേതൃത്വത്തിലും വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. വിവരസാങ്കേതിക വിദ്യയുടെ ഇക്കാലത്ത് നന്മയും തിന്മയും കുട്ടികൾ തിരിച്ചറിയണമെന്നും കേരളത്തിന് മാതൃകയാകുന്ന രീതിയിൽ കുട്ടികൾ വളരണമെന്നും അഡ്വ. എൻ സുനന്ദ പറഞ്ഞു.
നല്ലൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയാണ് ബാലാവകശ കമ്മീഷന്‍റെ ലക്ഷ്യം. എല്ലാ ജില്ലകളിലും എസ് പി സി അധ്യാപകർക്ക് പരിശീലനം നൽകി വരികയാണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും ബോധവൽക്കരണം നൽകുന്നതിലൂടെ ഒരുപാട് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. തിന്മകൾക്കെതിരെ പോരാടാൻ വിദ്യാർഥികളെ പ്രാപ്‌തരാക്കണമെന്നും അഡ്വ. എൻ സുനന്ദ പറഞ്ഞു.
എറണാകുളം എ.ആർ ക്യാമ്പിൽ സംഘടിപ്പിച്ച യോഗത്തിൽ എസ്.പി.സി എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌ട് നോഡൽ ഓഫീസർ സൂരജ് കുമാർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ അവകാശങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ച ശില്‌പശാലയിൽ റിസോഴ്‌സ് പേഴ്‌സൺ ദേവി പി ബാലൻ, ശിശു സംരക്ഷണ യൂണിറ്റ് പ്രതിനിധി എസ് സിനി എന്നിവർ ക്ലാസുകൾ നയിച്ചു.