എറണാകുളം: കാട്ടാക്കട കോളജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ കേസിൽ എസ്‌എഫ്‌ഐ നേതാവ് വിശാഖിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ കേസിലെ രണ്ടാം പ്രതിയും എസ്‌എഫ്‌ഐ നേതാവുമായ വിശാഖിന്‍റെ അറസ്റ്റ് ഈ മാസം 20 വരെയാണ് ഹൈക്കോടതി താത്‌കാലികമായി തടഞ്ഞത്. വിഷയം ഗൗരവകരമെന്ന് വിലയിരുത്തിയ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകി.
പ്രിൻസിപ്പൽ എങ്ങനെ വിശാഖിന്‍റെ പേര് സർവകലാശാലക്ക് അയച്ചുവെന്ന ചോദ്യവും കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായി. പ്രിൻസിപ്പലാണ് ഉത്തരവാദിയെന്ന് വിശാഖ് കഴിഞ്ഞ ദിവസം വാദിച്ചപ്പോഴും വിശാഖിന്‍റെ പേരെഴുതി വച്ചിട്ട് പ്രിൻസിപ്പലിന് എന്തു കാര്യമെന്ന മറു ചോദ്യം ഹൈക്കോടതി ഉന്നയിച്ചിരുന്നു.
താൻ നിരപരാധിയാണ്. പ്രിൻസിപ്പലിന്‍റെ നടപടിയെക്കുറിച്ച് തനിക്ക് അറിയില്ല. ആരോഗ്യപരമായ കാരണങ്ങളാൽ വിജയിച്ച സ്ഥാനാർഥി സ്വമേധയാ പിന്മാറിയതുകൊണ്ടാണ് തന്‍റെ പേര് പ്രിൻസിപ്പൽ ആ സ്ഥാനത്തേക്ക് ചേർത്തത്. തെരഞ്ഞെടുപ്പ് നടക്കാതെ ഏകകണ്ഠമായാണ് സ്ഥാനാർഥികൾ എല്ലാം തെരഞ്ഞെടുക്കപ്പെട്ടിരുന്നത് എന്നിങ്ങനെയാണ് ഹർജിയിൽ പ്രതിയുടെ വാദങ്ങൾ. കേസിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും വാദമുണ്ട്.
മെയ് 17-നാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം സംബന്ധിച്ച വാർത്ത പുറത്തു വരുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച യുയുസി അനഘയുടെ പേരിന് പകരം യൂണിവേഴ്‌സിറ്റിയ്‌ക്ക് കൈമാറിയത് എസ്എഫ്‌ഐ നേതാവ് വിശാഖിന്‍റെ പേരായിരുന്നു. സംഭവത്തിൽ ഗവർണർ ഇടപെട്ടതോടെ പ്രിൻസിപ്പലിനും വിശാഖിനുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാൻ സർവകലാശാല തീരുമാനിച്ചു. പിന്നാലെ മേയ് 21-ന് സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ കാട്ടാക്കട പോലീസ് കേസ് എടുക്കുകയായിരുന്നു.
കാട്ടാക്കട കോളജിന് ഭീമന്‍ തുക പിഴയിട്ട് കേരള സര്‍വകലാശാല: യൂണിയന്‍ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തില്‍ കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജിന് കേരള സര്‍വകലാശാല ഭീമന്‍ തുക പിഴയിട്ടിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ നടന്ന തിരിമറിയെ തുടര്‍ന്ന് 1,55,938 രൂപയാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്, കോളജിന് പിഴയിട്ടത്. യുയുസി ആള്‍മാറാട്ടത്തെ തുടര്‍ന്ന് സര്‍വകലാശാല തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലായിരുന്നു സിന്‍ഡിക്കേറ്റിന്‍റെ നടപടി വന്നത്.
കാട്ടാക്കട ആള്‍മാറാട്ടത്തിന് പിന്നാലെ കൗണ്‍സിലര്‍മാരെ കുറിച്ച് പരിശോധിക്കാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചു. ഇതില്‍ പ്രായപരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാന്‍ യോഗ്യതയില്ലാത്ത യുയുസിമാരെയും കണ്ടെത്തിയതോടെ 39 യുയുസിമാരെ അയോഗ്യരാക്കുകയും ചെയ്‌തു. വൈസ് ചാന്‍സര്‍ മോഹന്‍ കുന്നുമേലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റിന്‍റേതായിരുന്നു തീരുമാനം. ഇതില്‍ സര്‍വകലാശാലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 36 കൗണ്‍സിലര്‍മാര്‍ പ്രായപരിധി കഴിഞ്ഞവരായത് കൊണ്ട് അയോഗ്യരാണെന്നും കേരള സര്‍വകലാശാല കണ്ടെത്തിയിരുന്നു. ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനും സര്‍വകലാശാല തീരുമാനിച്ചു.