എറണാകുളം: കശ്മീർ റിക്രൂട്ട്മെന്റ് കേസിൽ തടിയൻ്റവിട നസീർ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. മൂന്നു പേരെ ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി കണ്ണൂർ ഉറുവച്ചാൽ സ്വദേശി എം.എച്ച് ഫൈസൽ, പതിനാലാം പ്രതി കണ്ണൂർ പൊന്തവളപ്പ് സ്വദേശി മുഹമ്മദ് നവാസ്, പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഉമർ ഫാറൂഖ് എനിവരെയാണ് വെറുതെ വിട്ടത്.
കേരളത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളിൽ മതപഠന ക്ലാസുകളെന്ന വ്യാജേന ഗൂഢാലോചന നടത്തി യുവാക്കളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി കശ്മീരിൽ സൈന്യത്തെ നേരിടാൻ നിയോഗിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്, സി ജയചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് 2013ല്‍ എന്‍ഐഎ കോടതി വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.
24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ കശ്മീരിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടുപേർ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റമുക്തരാക്കി. വിചാരണ നേരിട്ട 13 പ്രതികളും ശിക്ഷിക്കപ്പെട്ടു. കൊല്ലപ്പെട്ട നാലുപ്രതികൾ ബി.എസ്.എൻ.എൽ നമ്പറിൽ നിന്ന് കേരളത്തിലെ മറ്റുപ്രതികളുമായി ബന്ധപ്പെട്ടിരുന്നെന്ന എൻ.ഐ.എ കണ്ടെത്തലിനെ തുടർന്ന് ഈ നമ്പറുകളിലേക്ക് വിളിച്ചതിന്റെ രേഖകൾ വിചാരണക്കോടതിയിൽ എൻ.ഐ.എ ഹാജരാക്കിയിരുന്നു.