എറണാകുളം: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചു നൽകുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് നിക്ഷേപകർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ടി.ആർ രവിയാണ് ഹർജി പരിഗണിക്കുന്നത്. ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ട് ഹാജാരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ബാങ്കിൽ ടോക്കൺ മുഖേന നിക്ഷേപം തിരിച്ചു നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ കോടതി നേരത്തെ തടഞ്ഞിരുന്നു. എന്നാൽ അടിയന്തരാവശ്യക്കാർക്ക് പണം നൽകാമെന്നും ഇക്കാര്യം കോടതിയെ അറിയിക്കണമെന്നുമായിരുന്നു സിംഗിൾ ബഞ്ചിന്‍റെ നിർദേശം. പണം എങ്ങനെ തിരിച്ചു നൽകാനാകുമെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കാലാവധി പൂർത്തിയായ 142 കോടി രൂപയുടെ സ്ഥിരനിക്ഷേപവും 284 കോടി രൂപയുടെ മറ്റ് നിക്ഷേപവും ഉണ്ടെന്നാണ് ബാങ്ക് അധികൃതർ കോടതിയെ അറിയിച്ചിട്ടുള്ളത്. ബാങ്കിന്‍റെ ആസ്‌തികൾ പണയപ്പെടുത്തി വായ്‌പയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു.