കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Fraud) കേസിൽ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻ, മുൻ അക്കൗണ്ടന്‍റ് സികെ ജിൽസ് എന്നിവരെ ഇഡി കസ്റ്റഡിയിൽ വിട്ടു (Karuvannur Bank Scam- Acused Including PR Aravindakshan Sent To ED Custody). പിഎംഎൽഎ കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതിയാണ് പ്രതികളെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
ചോദ്യം ചെയ്യലിന് കോടതി ഇഡിക്ക് മാർഗനിർദ്ദേശവും നൽകി. തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌താൽ ഒരു മണിക്കൂർ ഇടവേള നൽകണം. ഇടവേളയിൽ അഭിഭാഷകനുമായും വീട്ടുകാരുമായും സംസാരിക്കാൻ അനുമതി നൽകണം. കസ്റ്റഡി കാലയളവിൽ ശാരീരിക-മാനസിക പീഡനം ഉണ്ടാകരുതെന്നും കോടതി നിർദ്ദേശിച്ചു.
കസ്റ്റഡി അപേക്ഷ പരിഗണിച്ച വേളയിൽ പ്രതിഭാഗം സമർപ്പിച്ച എതിർ സത്യവാങ്‌മൂലത്തിൽ ഇ ഡി തന്നെ മർദിച്ചതായി അരവിന്ദാക്ഷൻ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇഡി അന്വേഷണവുമായി താൻ സഹകരിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട രേഖകളെല്ലാം നൽകിയതായും അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചു.
അതേസമയം അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ അമ്പത് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുള്ളതായി ഇഡി കോടതിയെ അറിയിച്ചു. ഈ പണം ഒന്നാം പ്രതി സതീഷ് കുമാർ വഴി ലഭിച്ചതാണെന്നും, പണത്തിന്‍റെ സ്രോതസ് തെളിയിക്കാൻ അരവിന്ദാക്ഷന് കഴിഞ്ഞിട്ടില്ലെന്നും ഇഡി കോടതിയെ ധരിപ്പിച്ചു. അന്വേഷണവുമായി പിആർ അരവിന്ദാക്ഷൻ സഹകരിച്ചില്ലെന്നാണ് ഇഡിയുടെ ആരോപണം. 2015 മുതൽ 2017 വരെ അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടന്നതായും റിമാന്‍ഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കി.
അരവിന്ദാക്ഷന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇയാൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി സതീഷ് കുമാറിന്‍റെ പിടിച്ചെടുത്ത ഫോണിൽ നിന്ന് അരവിന്ദാക്ഷനെതിരായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പ്രതി കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞെന്നും ഇഡി തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോർട്ടിലുണ്ട്. അതേസമയം അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ അടുത്ത മുപ്പതാം തീയതി പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും തന്നെ കേസിൽ കുടുക്കുകയാണെന്നുമായിരുന്നു അരവിന്ദാക്ഷന്‍റെ പ്രതികരണം. തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ മർദിച്ചതിനെത്തുടർന്നാണ് ഇഡിക്കെതിരെ പരാതി നൽകിയത്. ഇഡി തന്നോട് പ്രതികാരം ചെയ്യുകയാണെന്നും അരവിന്ദാക്ഷൻ ആരോപിച്ചു.
തൃശ്ശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്താണ് അരവിന്ദാക്ഷനെ കൊച്ചിയിലെ ഇഡി ഓഫിസിലെത്തിച്ചത്. നേരത്തെ പല തവണ ഇയാളെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ഇഡിക്കെതിരെ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് വേഗത്തിൽ അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് സൂചന. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയാണ് പിആർ അരവിന്ദാക്ഷൻ. അത്താണി ലോക്കൽ കമ്മിറ്റി അംഗമായ അദ്ദേഹം ഈ കേസിൽ ആദ്യമായി അറസ്റ്റിലാകുന്ന സിപിഎം പ്രാദേശിക നേതാവാണ്.
അരവിന്ദാക്ഷന്‍റെ അറസ്റ്റിന് പിന്നാലെയാണ് കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സികെ ജിൽസിനെയും ഇഡി അറസ്റ്റ് ചെയ്തത്. ഇയാൾ അഞ്ച് കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഇഡിയുടെ ആരോപണം. കരുവന്നൂർ ബാങ്കിലെ തട്ടിപ്പുകളെ കുറിച്ച് ജിൽസിന് അറിവുണ്ടായിരുന്നു. ഇയാള്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുകയോ, അറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കുകയോ ചെയ്തിട്ടില്ലെന്നും ഈയൊരു സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എംകെ കണ്ണനെ അടുത്ത വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് അരവിന്ദാക്ഷന്‍റെ നിർണായകമായ അറസ്റ്റിലേക്ക് ഇഡി കടന്നത്. തൃശൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ബിനു, ഒന്നാം പ്രതി സതീഷ് കുമാറിന്‍റെ ഭാര്യ ബിന്ദു എന്നിവരെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. കരുവന്നൂർ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റുകളിലേക്ക് നീങ്ങുമെന്നുമാണ് നിലവില്‍ ഇഡി നൽകുന്ന സൂചന.