എറണാകുളം: കാരപ്പാറ എസ്റ്റേറ്റിലെ മരങ്ങൾ വെട്ടി കടത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ട വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലൻസ്, വിചാരണ കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിലാണ് നടപടി. വിജിലൻസിന്‍റെയും പ്രതികളുടെയും വാദം വീണ്ടും കേട്ട് 3 മാസത്തിനുള്ളിൽ വിധി പുറപ്പെടുവിക്കാൻ ജസ്റ്റിസ് കെ.ബാബു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വനം വകുപ്പിന്‍റെ കീഴിലുണ്ടായിരുന്ന നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട 541 ഏക്കർ വസ്‌തു കാരപ്പാറ എ എസ്റ്റേറ്റിന് പാട്ടത്തിന് നൽകിയിരുന്നു. പാട്ടത്തിന് നൽകിയ ഭൂമിയിലെ കേട് വന്നതും, കാറ്റിലും മഴയിലും ഒടിഞ്ഞു വീണതുമായ വിവിധ ഇനങ്ങളില്‍ പെട്ട 1,000 മരങ്ങൾ വെട്ടി നീക്കം ചെയ്യുന്നതിന് ഹൈക്കോടതി അനുമതി നൽകി. ഹൈക്കോടതി ഉത്തരവിന്‍റെ മറവിൽ എസ്റ്റേറ്റിലെ വിവിധ ഇനത്തിൽ പെട്ട 483 മരങ്ങൾ കൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തി, അവരുടെ ഒത്താശയോടെ കടത്തികൊണ്ട് പോയെന്നാണ് കേസ്.
വിജിലൻസ് പാലക്കാട് യൂണിറ്റാണ് കേസ് അന്വേഷണം നടത്തി കോഴിക്കോട് വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 1997ൽ അനധികൃതമായി മരങ്ങൾ വെട്ടിമാറ്റിയതിൽ വനംവകുപ്പിന് പതിനാലര ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കിയിരുന്നു. എന്നാൽ പ്രതികളെ വിജിലൻസ് കോടതി വെറുതേ വിട്ടു. ഇതിനെതിരെയാണ് വിജിലൻസ് ഹൈക്കോടതിയെ സമീപിച്ചത്.