എറണാകുളം: പ്രിയ വർഗീസിന്‍റെ നിയമനത്തിൽ യുജിസിയെ തള്ളി കണ്ണൂർ സർവകലാശാല. അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള നിയമനത്തിനാവശ്യമായ യോഗ്യതകൾ പ്രിയ വർഗീസിനുണ്ടെന്ന് സർവകലാശാല ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിനെ പരിഗണിച്ചതെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കണ്ണൂർ സർവകലാശാല വ്യക്തമാക്കി.
അസിസ്റ്റന്‍റ് പ്രൊഫസറായി 11 വർഷവും മൂന്ന് മാസവും രണ്ട് ദിവസത്തെ പരിചയവും പ്രിയക്ക് ഉണ്ടായിരുന്നു. അതിനാൽ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള പൂർണ്ണ യോഗ്യതയുണ്ട്. അപേക്ഷകയുടെ യോഗ്യത കണക്കിലെടുത്താണ് കമ്മിറ്റി മാർക്ക് നൽകിയത്.
റാങ്ക് ലിസ്റ്റിന്മേൽ അന്തിമ അനുമതി ആയിട്ടില്ല. സിൻഡിക്കേറ്റിന്‍റെ അംഗീകാരത്തിന് ശേഷം നിയമനം നടത്തും. അപ്പോൾ മാത്രമേ നിയമനത്തെ ചോദ്യം ചെയ്യാൻ സാധിക്കൂ. അതിനാൽ തന്നെ നിയമനം ചോദ്യം ചെയ്‌തുള്ള ഹർജി അപക്വമാണെന്നും, തള്ളണമെന്നും സത്യവാങ്മൂലത്തിൽ സർവകലാശാല ആവശ്യപ്പെട്ടു.
നിയമനം ചോദ്യം ചെയ്‌ത് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്‌കറിയയുടെ ഹർജിയിൽ പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നായിരുന്നു യുജിസിയുടെ നിലപാട്. യുജിസിയുടെ നിലപാടിനെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സർവകലാശാലയുടെ സത്യവാങ്മൂലം.