എറണാകുളം: പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ ഇടപെടലിൽ വീട് ബാങ്ക് ജപ്തി ചെയ്യുമെന്ന ഭീഷണിയിൽ നിന്ന് കരകയറി ആമിന. ഹെലികോപ്ടർ അപകടത്തിന് ശേഷം തന്നെ രക്ഷിക്കാനോടിയെത്തിയ പനങ്ങാട് സ്വദേശികളെ ഞായറാഴ്ച കാണാനെത്തിയ സന്ദർഭത്തിലാണ് തന്‍റെ ദയനീയ അവസ്ഥ ആമിന യൂസഫലിയുടെ ശ്രദ്ധയിൽപെടുത്തിയത്. അപ്പോൾ തന്നെ സഹായം വാഗ്‌ദാനം ചെയ്ത യൂസഫലി കാഞ്ഞിരമറ്റത്തെ വീട് ബാങ്ക് ജപ്തി ചെയ്യില്ലന്ന ഉറപ്പും നൽകിയ ശേഷമാണ് മടങ്ങിയത്.
കീച്ചേരി സർവീസ് സഹകരണ ബാങ്കിൽ വായ്പയും കുടിശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച് തീർത്തതായി കൊച്ചിയിലെ ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജ് ആമിനയുടെ വീട്ടിലെത്തി അറിയിച്ചു. വായ്പയും പലിശയും ബാങ്കിൽ അടച്ചതിൻ്റെ രസീതും അദ്ദേഹം കൈമാറി. പുരയിടം ജപ്തി ഭീഷണിയിലായ സങ്കടം ഞായറാഴ്ച യൂസഫലിയോട് നേരിട്ട് പറയുമ്പോൾ എല്ലാ വിഷമങ്ങൾക്കും ഇത്രവേഗം പരിഹാരമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ആമിനയുടെ പ്രതികരണം. ക്യാൻസർ രോഗബാധിതനായ ആമിനയുടെ ഭർത്താവ് സെയ്ദ് മുഹമ്മദിനുള്ള ചികിത്സ ആവശ്യങ്ങൾക്കടക്കം 50,000 രൂപയും യൂസഫലിയുടെ നിർദേശപ്രകാരം കൈമാറി.
മകളുടെ വിവാഹ ആവശ്യത്തിനായിട്ടായിരുന്നു കാഞ്ഞിരമറ്റം കീച്ചേരി സർവീസ് സഹകരണ ബാങ്കിൽ നിന്ന് ആമിനയുടെ കുടുംബം വായ്പയെടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തിയുടെ വക്കിലായിരുന്നു. ആമിനയുടെ പ്രയാസം തിരിച്ചറഞ്ഞ് വീട് ജപ്തി ചെയ്യില്ലെന്ന് എം.എ യൂസഫലി നൽകിയ ഉപ്പ് വെറുംവാക്കായിരുന്നില്ലെന്ന് ആമിനയും കുടുംബവും തിരിച്ചറിഞ്ഞത് ഏറെ ആശ്ചര്യത്തോടെയും സന്തോഷത്തോടയുമാണ്. യൂസഫലിക്ക് വാക്കുകൾക്കതീതമായ നന്ദി പറയുകയാണ് ആമിനയും കുടുംബവും.