എറണാകുളം: ഖത്തറിലെ മൈതാനങ്ങളില്‍ പന്തുരുളുമ്പോൾ കേരളത്തിലും ഫുട്‌ബോൾ ആവേശം അലയടിച്ചുയരുകയാണ്.. ഓരോ മത്സരവും ആവേശത്തോടെ കാണുകയാണ് ഫുട്‌ബോൾ ആരാധകർ. സ്വന്തം വീടുകളിലും മൊബൈലിലും ലോകകപ്പ് മത്സരം കാണാൻ അവസരമുണ്ടായിട്ടും നാടൊന്നാകെ ഒന്നിച്ചിരുന്ന് കളി കാണുമ്പോഴുള്ള ആവേശം പറഞ്ഞറിയിക്കാനുമാകില്ല.
എറണാകുളം കങ്ങരപ്പടിയില്‍ നാടൊന്നിച്ചിരുന്നാണ് ലോകകപ്പ് ആവേശം പങ്കിടുന്നത്. ഒഴിഞ്ഞ പറമ്പുകളിൽ കെട്ടി ഉയർത്തുന്ന താൽകാലിക ഷെഡുകളിൽ ഒരുമിച്ചിരുന്ന് ലോകകപ്പ് മത്സരങ്ങൾ കണ്ട കങ്ങരപ്പടിയിലെ കുട്ടികൾ വളർന്ന് യുവാക്കളായപ്പോൾ തോന്നിയ ആശയം നാടൊന്നാകെ ഏറ്റെടുക്കുകയായിരുന്നു.
17 പേർ ചേർന്ന് 23 ലക്ഷം രൂപ സ്വരുക്കൂട്ടി... ആ കാശുകൊടുത്ത് മൂന്ന് സെന്‍റ് സ്ഥലവും അതിനോട് ചേർന്ന് വീടും വാങ്ങി. സ്ഥലവും വീടും 17 പേരുടെ പേരിലേക്ക് രജിസ്റ്റർ ചെയ്‌തു. ഇഷ്‌ട ടീമുകളുടെ കൊടിയും ചിത്രങ്ങളും വീടിനൊപ്പം ചേർത്തു. സ്‌മാർട്ട് ടിവിയും കസേരകളും വാങ്ങി.
അങ്ങനെ അതൊരു 'ഫുട്‌ബോൾ വീടായി'. കുട്ടികളും വൃദ്ധൻമാരും അടക്കം ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരും വൈകിട്ടോടെ കങ്ങരപ്പടിയിലെ ഈ വീട്ടിലെത്തും. ഓരോ ഗോളിനും കയ്യടിച്ചും താരങ്ങൾക്ക് ജയ് വിളിച്ചും കങ്ങരപ്പടിയും ഫുട്‌ബോളില്‍ അലിഞ്ഞുചേരുകയാണിവിടെ.